കൊളംബിയ: പ്രധാന ലൈബ്രറിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ 65 ലധികം വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല.
ബർണാഡ് കോളജ് ഉൾപ്പെടെ അനുബന്ധ സ്ഥാപനങ്ങളിലെ 33 വിദ്യാർഥികളെ കാമ്പസിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി പൂർവ വിദ്യാർഥികളെയും സർവകലാശാല വിലക്കിയതായി വക്താവ് അറിയിച്ചു.
കൊളംബിയ വെബ്സൈറ്റ് പ്രകാരം, സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് കാമ്പസിൽ പ്രവേശിക്കാനോ ക്ലാസുകളിൽ പങ്കെടുക്കാനോ മറ്റ് സർവകലാശാല പ്രവർത്തനങ്ങളിലേർപ്പെടാനോ കഴിയില്ല. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ അച്ചടക്ക നടപടികൾ എത്ര കാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്ന് സർവകലാശാല അറിയിച്ചു.
ബുധനാഴ്ച സർവകലാശാലയുടെ ബട്ലർ ലൈബ്രറിയിലേക്ക് നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് 80 പേരെ അറസ്റ്റ് ചെയ്തിരുന്നു. മാസ്കും ഫലസ്തീൻ പ്രതീകമായ കഫിയയും ധരിച്ച വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ലൈബ്രറിയിലേക്ക് കടന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് തടസ്സമുണ്ടാക്കി എന്ന് ആരോപിച്ച് സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ന്യൂയോർക് സിറ്റി പൊലീസ് കാമ്പസിൽ പ്രവേശിച്ച് പ്രകടനം പിരിച്ചുവിട്ടു.
അതിക്രമിച്ചുകടന്നു എന്ന കുറ്റമാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗം പേർക്കുമെതിരെ ചുമത്തിയത്. ചിലർക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന കുറ്റവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.