വാഷിങ്ടൺ ഡിസി: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) പുതിയ ഡയറക്ടറായുള്ള ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിന്‍റെ (കാഷ് പട്ടേൽ) നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം. പട്ടേലിനെ അനുകൂലിച്ച് 51 വോട്ടുകളും എതിർത്ത് 49 വോട്ടുകളുമാണ് ലഭിച്ചത്. എഫ്.ബി.ഐയുടെ ഒമ്പതാമത്തെ ഡയറക്ടർ ആണ് കാഷ് പട്ടേൽ.
ട്രംപ് അനുകൂലിയായ പട്ടേൽ, നേരത്തെ എഫ്.ബി.ഐയെ പല കാര്യങ്ങൾക്കും വിമർശിച്ചിട്ടുണ്ട്. പ്രസിഡന്‍റായതിന് പിന്നാലെ കാഷ് പട്ടേലിനെ എഫ്.ബി.ഐ തലവനായി ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നു. ഈ നാമനിർദേശത്തിനാണ് യു.എസ് സെനറ്റ് ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ളത്.
വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് എഫ്.ബി.ഐയുടെ പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാഷ് പട്ടേൽ വഹിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ഗാർഡൻ സിറ്റി സ്വദേശിയും 44കാരനുമായ കാഷ് പട്ടേലിന്‍റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. റിച്ച്മെന്‍റ് സർവകലാശാലയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസും റേസ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
നേരത്തെ, ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായി ട്രംപ് നാമനിർദേശം ചെയ്തിരുന്നു. രാജ്യത്ത് ആരോഗ്യ ഗവേഷണത്തിന്റെയും സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന്റെയും പ്രധാന ചുമതലയിലാകും ജയ് ഭട്ടാചാര്യയുടെ നിയമനം. ട്രംപിനുകീഴിൽ ആരോഗ്യ രംഗത്ത് ഇത്രയും ഉയർന്ന പദവിയിലെ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. വിവേക് രാമസ്വാമി സർക്കാർ ഭരണക്ഷമത വകുപ്പിൽ ഇലോൺ മസ്കിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുൻ ഫ്ലോറിഡ അറ്റോണി ജനറലായ പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ (എഫ്.സി.സി) ചെയർമാനായി ബ്രൻഡൻ കാറിനെയും ട്രംപ് മുമ്പ് നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.