'സുഷി' റസ്റ്ററന്‍റിൽ പ്രാങ്ക് വിഡിയോ; ജപ്പാനിൽ മൂന്ന് പേർ അറസ്റ്റിൽ

ടോക്കിയോ: ജപ്പാനിലെ പ്രശസ്ത മത്സവിഭവമായ 'സുഷി' ലഭിക്കുന്ന റസ്റ്ററന്‍റിൽ വൃത്തിഹീനമായ രീതിയിൽ പ്രാങ്ക് വിഡിയോ ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. 'കുറ സുഷി' എന്ന റസ്റ്ററന്‍റ് ശൃംഖലയിലാണ് യുവാക്കൾ ചേർന്ന് വൃത്തിഹീനമായ നിരവധി വിഡിയോകൾ ചെയ്തത്. ഇത് 'സുഷി ടെററിസം' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

റസ്റ്ററന്‍റിലൂടെ കടന്നുപോകുമ്പോൾ പ്ലേറ്റിൽ നിന്ന് ഒരു കഷണം സുഷി എടുത്ത് വായിലേക്ക് ഇടുന്നതും എല്ലാവർക്കും ഉപയോഗിക്കാനുള്ള കുപ്പിയിൽ നിന്ന് സോയ സോസ് ചുണ്ടുചേർത്ത് കുടിക്കുന്നതും ക്ലിപ്പിൽ കാണിക്കുന്നുണ്ട്. 'കുറ സുഷി'യുടെ വിവിധ റസ്റ്ററന്‍റുകളിൽ ചിത്രീകരിച്ച സമാന വിഡിയോകൾ കഴിഞ്ഞ മാസം ട്വിറ്റർ, ടിക്ടോക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വായിൽ വെച്ച വിരലുകൊണ്ട് 'സുഷി' തൊടുക, ചായക്കപ്പുകൾ നക്കിയ ശേഷം ഷെൽഫിലേക്ക് തന്നെ വെക്കുക തുടങ്ങിയ വിഡിയോകളും സംഘം ചെയ്തിരുന്നു.

വിഡിയോകൾ വൈറലായതോടെ സമൂഹമാധ്യമങ്ങൾ വലിയ പ്രതിഷേധമുണ്ടായി. 'കുറ സുഷി'യുടെ ബിസിനസ് തടസപ്പെടുത്താനുള്ള ശ്രമമാണുണ്ടായതെന്ന് പൊലീസ് പറയുന്നു. രണ്ട് യുവാക്കളും ഒരു പെൺകുട്ടിയുമാണ് അറസ്റ്റിലായത്. വൃത്തിക്ക് ഏറെ പ്രധാന്യം നൽകുന്ന രാജ്യമായ ജപ്പാനിൽ ഇത്തരത്തിലുള്ള ആദ്യ അറസ്റ്റാണ് ഇതെന്ന് അധികൃതർ പറയുന്നു.

Tags:    
News Summary - Prank video at 'Sushi' restaurant; Three people were arrested in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.