ഫിലിപ്പീൻസിൻ വൻ ഭൂചലനം; 32 മരണം

മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തിൽ കനത്ത നാശം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ചുരുങ്ങിയത് 32 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സൂനാമി മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇതിനിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.37നാണ് തീരമേഖലകളിൽ ശക്തമായ ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. മിന്ദനാവോയിലെ ജനറൽ സാന്റോസ് സിറ്റിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഭൂചലനത്തിനുശേഷം ഒരു മണിക്കൂറിലധികം സമയത്തേക്ക് ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.

ദക്ഷിണ മിന്ദനാവോയിലെ ഏഴര ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ മൂന്ന് നിലകളുള്ള ഒരു റസ്റ്റാറന്റ് കെട്ടിടം പൂർണമായും തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു. നഗരത്തിലെ പ്രശസ്തമായ സെന്റ് എലിസബത്ത് ആശുപത്രിയുടെ പല ഭാഗങ്ങളും തകർന്നതിനെത്തുടർന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നിലവിൽ ആശുപത്രിക്ക് പുറത്താണ് താൽക്കാലിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നോട്രെ ഡാം ഓഫ് ഡാഡിയംഗാസ് സർവകലാശാലയുടെ ചില കെട്ടിടങ്ങളും ഭാഗികമായി തകർന്നു. ഫിലിപ്പീൻസിൽ പുതിയ അധ്യയന വർഷം ആരംഭിക്കേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. ദുരന്തത്തെ തുടർന്ന്, മേഖലയിലെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് നിർദേശിച്ചു.

ഭൂചലനത്തെ തുടർന്ന് മേഖലയിലും അയൽ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരകളുയരുമെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട്, ഭീഷണി ഒഴിവായതായി അധികൃതർ അറിയിച്ചു. ഭൂചലനത്തിനുശേഷം പരമാവധി മുക്കാൽ മീറ്റർ ഉയരത്തിലേ തിരകളുയർന്നുള്ളൂ. അതേസമയം, ജപ്പാന്റെ തെക്കൻ തീരങ്ങളിൽ സൂനാമി ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല.

Tags:    
News Summary - Powerful 7.8-magnitude earthquake strikes Philippines, tsunami warning issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.