തെക്കൻ ബെയ്‌റൂത്തിൽ വീണ്ടും ഇസ്രായേൽ ആക്രമണം, മേഖലയിൽ കനത്ത ആശങ്ക; സംഘർഷം പുതിയ തലത്തിലേക്ക്

ബെയ്‌റൂത്ത്:  ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തി. ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു കെട്ടിടത്തിന്റെ പല നിലകളും തകർന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംഘർഷങ്ങളിൽ ഇതിനകം തന്നെ തകർന്നടിഞ്ഞ കെട്ടിടമാണ് ഇത്തവണയും ലക്ഷ്യമിടപ്പെട്ടത്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച തന്നെ തെക്കൻ ബെയ്റൂത്തിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണമെന്നത് സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നു.

ബെയ്‌റൂത്തിന്റെ വ്യോമാതിർത്തിയിൽ ഇസ്രായേൽ ഡ്രോണുകൾ നിരന്തരം വട്ടമിട്ടു പറക്കുന്നത് സാധാരണമായി മാറിയെന്ന് റിപ്പോർട്ടർമാർ വ്യക്തമാക്കുന്നു. ഇസ്രായേൽ നടത്തിയ ഈ പുതിയ ആക്രമണം മേഖലയിലെ സമാധാന ചർച്ചകളെ തകിടം മറിച്ചേക്കുമെന്നും, ഇതൊരു നിർണായക വഴിത്തിരിവാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്.

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയായ ദാഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടതിനെത്തുടർന്ന് പ്രദേശത്തുനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.

യു.എസ് മധ്യസ്ഥത വഹിച്ച ചർച്ചയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ലബനാനിൽ ഇസ്രായേൽ കനത്ത ആക്രമണമാണ് തുടരുന്നത്. നേരത്തെ തെക്കൻ ലെബനനിലുടനീളം ഇസ്രായേലി ആക്രമണങ്ങളിൽ ഉന്നത ലബനൻ സൈനിക ഉദ്യോഗസ്ഥൻ അടക്കം 12 പേർ കൊല്ലപ്പെട്ടു. ഖാർദാലി-നബത്തിഹ് റോഡിൽ സൈനിക വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ബ്രിഗേഡിയർ ജനറലും ഒരു ക്യാപ്റ്റനും ഒരു സൈനികനും മരിച്ചതായി ലെബനൻ സൈന്യം അറിയിച്ചു. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനാണ് ഇസ്രായേൽ മനപ്പൂർവവും ആവർത്തിച്ചുള്ളതുമായ ക്രൂര ആക്രമണം തുടരുന്നതെന്ന് ലബനൻ സൈന്യം പറഞ്ഞു.

എന്നാൽ ആക്രമണം നടന്നത് സജീവമായ പോരാട്ട മേഖലയിലാണെന്നും സംഭവം അന്വേഷണത്തിലാണ് എന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.ആക്രമണത്തെ ലെബനൻ പ്രസിഡന്റ് അപലപിച്ചു.

ബ്രിഗേഡിയർ ജനറൽ വാസം സബ്ര, ക്യാപ്റ്റൻ എലി ഖൗറി, സൈനികൻ ഹുസൈൻ ഗോസൽ എന്നിവരാണ് ഇന്നലെ സൈനിക വാഹനത്തിനു നേരെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

Tags:    
News Summary - Israel Strikes Southern Beirut Again, Escalating Regional Tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.