ഇസ്രായേൽ ചാരപ്പണി അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെയും? 'ക്രിട്ടിക്കൽ' എന്ന് പെന്റഗൺ

വാഷിങ്ടൺ: അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന ആശങ്കകൾക്കിടെ, ഇസ്രയേലിനെതിരായ ‘രഹസ്യാനേ​ഷ്വണ ഭീഷണി നിലവാരം’ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ ഏറ്റവും ഉയർന്ന തലമായ ‘ക്രിട്ടിക്കൽ’ വിഭാഗത്തിലേക്ക് ഉയർത്തിയതായി റിപ്പോർട്ടുകൾ. ഇറാനിലെയും ലബനനിലെയും യുദ്ധങ്ങളെചൊല്ലി യു.എസും ഇസ്രായേലും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് സംഭവമെന്ന് അമേരിക്കൻ മാധ്യമമായ എൻ.ബി.സി ന്യൂസിനെ ഉദ്ധരിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ ‘ഡിഫൻസ് ഇന്റലിജൻസ് ഏജൻസി’ അടുത്തിടെ പുറത്തിറക്കിയ ആഭ്യന്തര വിലയിരുത്തലിലാണ് ‘ക്രിട്ടിക്കൽ’, ‘ഉയർന്ന’ മുന്നറിയിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏഴ് പേജുള്ള ഈ വിലയിരുത്തലിൽ, യു.എസ് പ്രതിരോധ സ്ഥാപനത്തിനുള്ളിൽ ആശങ്കകൾ വർധിപ്പിച്ച നിരവധി സംഭവങ്ങൾ വിശദീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. സഖ്യകക്ഷി രാജ്യങ്ങൾക്കിടയിൽ സാധാരണയായി പ്രതീക്ഷിക്കുന്ന ചാരവൃത്തിയുടെ നിലവാരത്തിനപ്പുറത്തേക്ക് ഇസ്രായേൽ ഇന്റലിജൻസ് പ്രവർത്തനങ്ങൾ കടന്നതായും ഉദ്യോഗസ്ഥർ എൻ.ബി.സിയോട് പറഞ്ഞു.

ഇറാനുമായി ബന്ധപ്പെട്ട നയതന്ത്ര-സൈനിക ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇസ്രയേൽ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് ഭീഷണി നിരക്ക് ഉയർത്താൻ കാരണമായതെന്നാാണ് റിപ്പോർട്ടുകൾ. 1985ൽ യു.എസ് നാവികസേനയുടെ ഇന്റലിജൻസ് അനലിസ്റ്റായ ജോനാഥൻ പൊള്ളാർഡ് ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയ ‘പൊള്ളാർഡ് മാതൃക’ ചാരവൃത്തി ആരോപണങ്ങൾക്കിടെ ചർച്ചയായതായാണ് വിവരം.

പ്രസിഡന്റ് ഡോണ​ൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, പെന്റഗൺ പോളിസി മേധാവി എൽബ്രിഡ്ജ് കോൾബി, മുതിർന്ന മിഡിൽ ഈസ്റ്റ് ഉദ്യോഗസ്ഥൻ മൈക്കിൾ ഡിമിനോ തുടങ്ങിയവരെ ലക്ഷ്യംവെച്ചാണ് ചാരപ്രവൃത്തികളെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ സന്ദർശിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ‘ബർണർ ഫോണുകൾ’ ഉപയോഗിക്കുന്നതും ഹോട്ടൽ മുറികളിൽ അതീവ രഹസ്യ ചർച്ചകൾ ഒഴിവാക്കുന്നതുമുൾപ്പെടെയുള്ള അധിക സുരക്ഷാ മുൻകരുതലുകൾ നേരത്തേ തന്നെ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ചില സാഹചര്യങ്ങളിൽ ആശയവിനിമയങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ കണ്ടെത്തിയതായും ആരോപണങ്ങളുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര തീരുമാനങ്ങൾ ചോർത്താൻ ഇസ്രായേൽ ശ്രമിക്കുന്നു​ണ്ടെന്നാണ് പ്രതിരോധ വകുപ്പിന്റെ നിഗമനം.

അതേസമയം, ആരോപണങ്ങൾ ഇസ്രയേൽ ശക്തമായി നിഷേധിച്ചു. അമേരിക്കൻ സർക്കാർ സ്ഥാപനങ്ങളെയോ ഉദ്യോഗസ്ഥരെയോ ഇസ്രയേൽ ചാരപ്പണി നടത്തുന്നില്ലെന്നും റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും വാഷിങ്ടണിലെ ഇസ്രയേൽ എംബസി പ്രതികരിച്ചു. വൈറ്റ് ഹൗസും റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 

Tags:    
News Summary - Is Israel spying on US officials? Pentagon raises threat level to critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.