ഛത്രപതി ശിവാജിയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രായേൽ

മുംബൈ: ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നു . ശിവാജി മഹാരാജിന്റെ ധീരതയുടെയും പോരാട്ടവീര്യത്തിന്റെയും പൈതൃകത്തെ ആദരിക്കുന്നതിനാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ഇസ്രായേലിന്റെ അവകാശം.

മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് രേവാച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച ശേഷമാണ് വിവരം അറിയിച്ചത്.  പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണം ഇസ്രായേൽ കോൺസൽ ജനറൽ അഭ്യർത്ഥിച്ചു.

ഇന്ത്യയും ഇസ്രായേലും ചരിത്രപരമായി പങ്കിടുന്ന സമാനതകൾ ഏറെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സ് ഹാൻഡിലിലൂടെ യാനിവ് രേവാച്ച് വ്യക്തമാക്കി. തങ്ങളുടെ മാതൃരാജ്യത്തെയും സ്വത്വത്തെയും സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും നടത്തിയ ദീർഘകാല പോരാട്ടങ്ങളെ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. "ശിവരാജ്യാഭിഷേക ദിനത്തിന്റെ ഈ ശുഭവേളയിൽ ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. സ്മാരകം മഹാരാജിന്റെ മഹത്വം പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉറപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്"-  അദ്ദേഹം കുറിച്ചു.

അതേസമയം, ഇസ്രായേലിന്റെ ഈ നയതന്ത്ര നീക്കത്തെ  സ്വാഗതം ചെയ്യുന്നതായി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ഇസ്രായേൽ സി.ജി യാനിവ് രേവാച്ചിന് നന്ദി അറിയിച്ച അദ്ദേഹം, ചരിത്ര സ്മാരകം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദർശനത്തിന് ശേഷം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പല മേഖലകളിലും ശക്തമായിട്ടുണ്ടെന്ന് ഫഡ്‌നാവിസ് ഓർമ്മിപ്പിച്ചു. പുതിയതായി സ്ഥാപിക്കുന്ന ശിവാജി മഹാരാജിന്റെ പ്രതിമയിലൂടെ ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങൾ തമ്മിലുള്ള സാംസ്കാരികമായ അടുപ്പം കൂടുതൽ ആഴത്തിലുള്ളതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Israel To Install Statue Of Chhatrapati Shivaji Maharaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.