ബെയ്റൂത്തിലെ ഇസ്രായേൽ ആക്രമണം: കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ; മേഖലയിൽ സംഘർഷം പുകയുന്നു

തെഹ്റാൻ/ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണം ഗുരുതരമാണെന്നും ഇതിന് മറുപടി നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഇറാൻ റെവല്യൂഷനറി ഗാർഡിനെ ഉദ്ധരിച്ച് ‘സാബെറിൻ’ റിപ്പോർട്ട് ചെയ്തു.

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്റൂത്തിലെ ദാഹിയ മേഖലയിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണം എപ്പോൾ, എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ബെയ്റൂട്ടിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

നേരത്തെ, ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്നും, മേഖലയിലെ യു.എസ് താവളങ്ങളും ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു കെട്ടിടത്തിന്റെ പല നിലകളും തകർന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംഘർഷങ്ങളിൽ ഇതിനകം തന്നെ തകർന്നടിഞ്ഞ കെട്ടിടമാണ് ഇത്തവണയും ലക്ഷ്യമിടപ്പെട്ടത്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച തന്നെ തെക്കൻ ബെയ്റൂത്തിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണമെന്നത് സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നു.

ബെയ്‌റൂത്തിന്റെ വ്യോമാതിർത്തിയിൽ ഇസ്രായേൽ ഡ്രോണുകൾ നിരന്തരം വട്ടമിട്ടു പറക്കുന്നത് സാധാരണമായി മാറിയെന്ന് റിപ്പോർട്ടർമാർ വ്യക്തമാക്കുന്നു. ഇസ്രായേൽ നടത്തിയ ഈ പുതിയ ആക്രമണം മേഖലയിലെ സമാധാന ചർച്ചകളെ തകിടം മറിച്ചേക്കുമെന്നും, ഇതൊരു നിർണായക വഴിത്തിരിവാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്.

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയായ ദാഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടതിനെത്തുടർന്ന് പ്രദേശത്തുനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.യു.എസ് മധ്യസ്ഥത വഹിച്ച ചർച്ചയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ലബനാനിൽ ഇസ്രായേൽ കനത്ത ആക്രമണമാണ് തുടരുന്നത്. 

Tags:    
News Summary - Iran Vows Retaliation After Israeli Airstrike on Southern Beirut, Cites Ceasefire Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.