‘വളരെ മനോഹരമായ വലിയ സമ്മാനം’; മോദി സമ്മാനിച്ച വജ്രത്തിന്റെ ഓർമ പങ്കുവെച്ച് ജിൽ ബൈഡൻ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനിടെ സമ്മാനിച്ച വജ്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് അമേരിക്കൻ മുൻ പ്രഥമ വനിത ഡോ. ജിൽ ബൈഡൻ. മോദി നൽകിയ വജ്രം ‘വളരെ മനോഹരവും വലുതുമായ സമ്മാനമായിരുന്നു’ -ജിൽ ബൈഡൻ പറഞ്ഞു. മോദി സമ്മാനമായി നൽകിയ വ​​ജ്രം സൂക്ഷിക്കാൻ തനിക്ക് താൽപര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ അവർ, അതിന്റെ വില മനസ്സിലായതോടെ ഫെഡറൽ സർക്കാറിന് തിരികെ നൽകിയെന്നും കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ചും യു.എസിലെ പ്രഥമ കുടുംബത്തിന് ലഭിച്ച സമ്മാനങ്ങൾക്കുള്ള കർശന നിയമങ്ങളെക്കുറിച്ചും ‘വ്യൂ ഫ്രം ദി ഈസ്റ്റ് വിങ്; എ മെമോറിയൽ’ എന്ന പുസ്തകത്തിലാണ് ജിൽ ബൈഡൻ വിശദീകരിക്കുന്നത്. ആഭ്യന്തര രഹസ്യങ്ങൾ, ഭരണകൂടത്തിന്റെ നയ ലക്ഷ്യങ്ങൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച 20,000 ഡോളർ വിലമതിക്കുന്ന സിന്തറ്റിക് ഡയമണ്ട് തിരികെ നൽകുന്നത് ഉൾപ്പെടെയുള്ള പിന്നാമ്പുറ കഥകൾ തുടങ്ങിയവ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. കൂടാതെ 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.

2023ൽ അമേരിക്ക സന്ദർശിച്ച നരേന്ദ്ര മോദി, ജിൽ ബൈഡന് 7.5 കാരറ്റിന്റെ സിന്തറ്റിക് വജ്രമാണ് സമ്മാനമായി നൽകിയത്. മോദി നൽകിയ സമ്മാനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അമേരിക്കൻ സർക്കാർ രേഖകൾ പ്രകാരം ഏകദേശം 20,000 ഡോളർ മൂല്യമുള്ള വജ്രം ആ വർഷം വിദേശ നേതാക്കളിൽ നിന്ന് ബൈഡൻ കുടുംബത്തിന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിലൊന്നായിരുന്നു. അമേരിക്കൻ നിയമങ്ങൾ അനുസരിച്ച് വിദേശ നേതാക്കളിൽ നിന്ന് ലഭിക്കുന്ന ഉയർന്ന മൂല്യമുള്ള സമ്മാനങ്ങൾ വ്യക്തിപരമായി കൈവശം വെക്കാൻ സാധിക്കില്ല. അതിനാൽ വജ്രം സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

‘ചിലപ്പോൾ ചെറിയ സമ്മാനങ്ങൾ, പൂക്കൾ, വീഞ്ഞ്. എന്നാൽ മറ്റു ചിലപ്പോൾ വലിയ കാര്യങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശന വേളയിൽ കൈമാറിയ 7.5 കാരറ്റ് സിന്തറ്റിക് വജ്രം പോലെ. ആ വജ്രം ഉടൻ തന്നെ തന്റെ ശ്രദ്ധ പിടിച്ചുപറ്റി. ആ വജ്രം അതിമനോഹരമായിരുന്നു. പക്ഷേ അത് സാങ്കേതികമായി എനിക്കല്ല നൽകിയത്. അത് പ്രഥമ വനിതക്കാണ് നൽകിയത്. അതിനാൽ അത് ഫെഡറൽ ഗവൺമെന്റിന്റേതായിരുന്നു’ -ജിൽ ബൈഡൻ കുറിച്ചു. സമ്മാനങ്ങൾക്ക് അതിന്റെ വില നൽകിയാൽ സ്വീകർത്താക്കൾക്ക് അത് വാങ്ങാൻ യു.എസ് നിയമം അനുവദിക്കും. എന്നാൽ, അതിന്റെ വില അധികൃതർ നിശ്ചയി​ച്ചതോടെ താൻ അതുവാങ്ങിയില്ലെന്നും ജിൽ ബൈഡൻ കുറിച്ചു.

ജോ ബൈഡൻ ഭരണകാലത്ത് ഇന്ത്യയും യു.എസും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര ഇടപെടലുകളിൽ ഒന്നായിരുന്നു 2023 ജൂണിലെ മോദിയുടെ അമേരിക്കൻ സന്ദർശനം. വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ 10,000ത്തിലധികം പേർ പങ്കെടുത്തിരുന്നു. 

Tags:    
News Summary - It Was A Gorgeous, Big Gift Joe Bidens Wife Recalls Diamond Given By PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.