പ്രതീകാത്മക ചിത്രം
വാഷിംങ്ടൺ: ഇറാന്റെ ആണവ സ്ഥാപനങ്ങളിൽ യു.എസ് ബോംബിടുന്നതിനു തൊട്ടുമുമ്പ് പെന്റഗണിന് സമീപമുള്ള ഒരു പിസ്സ റെസ്റ്ററന്റിലേക്ക് ആവശ്യക്കാരുടെ ഉയർന്ന ഓർഡർ വന്നു. ശനിയാഴ്ച രാത്രി 10.38തോടെ യു.എസ് പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമുള്ള പിസ്സ ജോയിന്റുകളിലെ ഗൂഗിൾ മാപ്പുകളുടെ പ്രവർത്തനം ട്രാക്ക് ചെയ്യുന്ന ഒരു പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടായ ‘ദി പെന്റഗൺ പിസ്സ റിപ്പോർട്ടി’ന്റെ ആയിരക്കണക്കിന് ഫോളോവേഴ്‌സിന്റെ ടൈംലൈനിൽ ഒരു കൗതുകകരമായ അലർട്ട് പ്രകാശിച്ചു. അതിൽ ഇങ്ങനെ എഴുതി: ‘പെന്റഗണിന് ഏറ്റവും അടുത്തുള്ള പാപ്പാ ജോൺസിൽ ഉയർന്ന ഓർഡറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു’.
പ്രവചനം വാഷിങ്ടണിൽ മാത്രമായി പരിമിതപ്പെട്ടില്ല. ട്രംപിന്റെ പരസ്യ പ്രസ്താവനക്ക് ഏകദേശം അര മണിക്കൂർ മുമ്പ് രാത്രി 9.36 ന് യു.എസ് സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമായ മാക്ഡിൽ എയർഫോഴ്സ് ബേസിനടുത്തുള്ള ഒരു ഡൊമിനോസിന്റെ ട്രാഫിക്കിൽ ‘വൻ കുതിച്ചുചാട്ടം’ ഉണ്ടായി.
ഇന്റർനെറ്റ് പ്രവചനം വന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം, പലരും ഓൺലൈനിൽ ഇതിനകം പ്രതീക്ഷിച്ചിരുന്ന കാര്യം ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി സ്ഥിരീകരിച്ചു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ഇറാനിയൻ ആണവ സൈറ്റുകളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്നായിരുന്നു അത്.
ജൂൺ 12 ന് ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ പെന്റഗണിനടുത്തുള്ള നാല് വ്യത്യസ്ത പിസേറിയകളിൽ നിന്നുള്ള ഗൂഗിൾ മാപുകളിൽ സമാനമായ ട്രാഫിക് രേഖപ്പെടുത്തുകയുണ്ടായി. മണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ ആക്രമണം ആരംഭിച്ചു.
എന്താണ് യുദ്ധത്തെ നേരത്തെ പ്രവചിക്കുന്ന പിസ്സ സിദ്ധാന്തം?
ഒരു പ്രതിരോധ കേന്ദ്രത്തിനടുത്തുള്ള അറിയപ്പെടുന്ന ഒരു പിസ്സ ജോയിന്റിൽ ഗൂഗിളിന്റെ പ്രവർത്തനത്തിൽ അസാധാരണമായ ഒരു വർധനവ് ഉണ്ടായാൽ, അത് പലപ്പോഴും തുടർന്നുള്ള പ്രഖ്യാപനങ്ങളുമായോ സൈനിക നടപടിയുടെ ചോർച്ചകളുമായോ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്.
പിസ്സ ഡെലിവറി പ്രവർത്തനത്തിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം ജീവനക്കാരുടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളെ കാണിക്കുന്നു. കൂടുതൽ രാത്രി ഷിഫ്റ്റുകൾ, കൂടുതൽ ഭക്ഷണം ഉണ്ടാക്കൽ, ഗൂഗിൾ മാപ്പിലെ ട്രാഫിക് തുടങ്ങിയവ വെച്ചാണ് സൈനിക ആക്രമണം പ്രവചിക്കുന്നത്.
പിസ്സ സൂചികയുടെ ഉൽഭവം
ആക്ഷേപഹാസ്യം പോലെ തോന്നുമെങ്കിലും പിസ്സ സൂചിക യഥാർത്ഥത്തിൽ ശീതയുദ്ധകാല പെരുമാറ്റത്തിൽ വേരൂന്നിയതാണ്. 1970കളിലും 80കളിലും വാഷിങ്ടണിലെ സോവിയറ്റ് പ്രവർത്തകർ യു.എസ് ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി പിസ്സ ഡെലിവറിയും അവിടുത്തെ ഓവർടൈം പ്രവർത്തനങ്ങളും നിരീക്ഷിച്ചിരുന്നുവെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. അമേരിക്കൻ പത്രപ്രവർത്തകരും ‘പിസ്സ ഓട്ടങ്ങൾ’ പഠിക്കാൻ ശ്രമിച്ചു. ചില ചാരന്മാർ ഈ സാങ്കേതിക വിദ്യക്ക് ‘പിസിന്റ്’ അല്ലെങ്കിൽ ‘പിസ്സ ഇന്റലിജൻസ്’ എന്ന വിളിപ്പേര് പോലും നൽകി.
എന്നാൽ, 1990 ആഗസ്റ്റിൽ വാഷിങ്ടണിലെ ‘ഡൊമിനോ’യുടെ ഫ്രാഞ്ചൈസി ഉടമയായ ഫ്രാങ്ക് മീക്സ്, സി.ഐ.എ കെട്ടിടങ്ങളിലേക്കുള്ള പിസ്സ ഡെലിവറിയിൽ അസാധാരണമായ കുതിച്ചുചാട്ടം ശ്രദ്ധിച്ചപ്പോഴാണ് ആദ്യമായി പെന്റഗൺ പിസ്സ സിദ്ധാന്തം ഉടലെടുത്തത്. അടുത്ത ദിവസം തന്നെ ഇറാഖ് കുവൈറ്റ് ആക്രമിച്ചതായി വാർത്തകൾ പുറത്തുവന്നു.
പെന്റഗൺ പിസ്സ റിപ്പോർട്ട്, ഗൂഗിൾ മാപ്‌സ് ലൈവ് ട്രാഫിക് ഡാറ്റ പോലുള്ള ഓപ്പൺ സോഴ്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുകയും മുൻകാല സംഘർഷ സമയക്രമങ്ങൾ ഉപയോഗിച്ച് അവയെ ഓവർലേ ചെയ്യുകയും ചെയ്താണ് ഈ വിവരം ട്രാക്ക് ചെയ്തത്.
പന്നീട്, ഈ പ്രതിഭാസം വാഷിങ്ടണിന് അപ്പുറത്തേക്ക് ശ്രദ്ധ ആകർഷിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ തദ്ദേശവാസികൾ അവരുടെ സ്വന്തം മെട്രിക്സിനെ ‘ബട്‌ലേഴ്‌സ് പിസ്സ സൂചിക’ എന്ന് പോലും വിളിച്ചു. എന്നാൽ, ആ പതിപ്പ് യുദ്ധ മുന്നറിയിപ്പുകളെയല്ല വാരാന്ത്യത്തിലുള്ള ആളുകളുടെ മാനസികാവസ്ഥകളെയായിരുന്നു പ്രതിഫലിപ്പിച്ചത്. ഇവയിൽ അമേരിക്കൻ പതിപ്പാണ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.