'അമേരിക്കയുടെ നയങ്ങൾ ഒരു ജനതയോടുള്ള ക്രൂരത'; യു.എസ് ഉപരോധത്തിനെതിരെ പ്രതിഷേധവുമായി ക്യൂബൻ വനിതകൾ

ഹവാന: ക്യൂബക്ക് മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഇന്ധന ഉപരോധത്തിനും രാഷ്ട്രീയ സമ്മർദങ്ങൾക്കുമെതിരെ തലസ്ഥാന നഗരമായ ഹവാനയിൽ പ്രതിഷേധവുമായി ആയിരക്കണക്കിന് യുവതികൾ. ഉപരോധം തകർക്കുക എന്ന മുദ്രാവാക്യമുയർത്തി നടന്ന മാർച്ചിൽ അമേരിക്കയുടെ നയങ്ങൾ ഒരു ജനതക്കെതിരെയുള്ള ക്രൂരതയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

 ക്യൂബൻ വിപ്ലവ നായിക വിൽമ എസ്പ്പിന്റെ ജന്മവാർഷിക ദിനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്യൂബൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇനസ് മരിയ ചാപ്പ്മാൻ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ജോസഫിന വിഡാന്‍ തുടങ്ങിയ പ്രമുഖർ റാലിക്ക് നേതൃത്വം നൽകി. അമേരിക്കയുടെ നടപടികളെ അതിരൂക്ഷമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രി വിമർശിച്ചത്. "ഈ അതിക്രമം അവസാനിപ്പിക്കണം. ലോകത്ത് ഒരു രാജ്യത്തിന് നേരെയും ദീർഘകാലം ഇത്രയധികം കർശനമായ ഉപരോധങ്ങൾ നടപ്പിലാക്കിയിട്ടില്ല. ക്യൂബൻ ജനത ഇത് അർഹിക്കുന്നില്ല " അവർ പറഞ്ഞു. മുമ്പ് ബറാക് ഒബാമയുടെ കാലത്ത് അമേരിക്കയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ് വിഡാൽ.

 ക്യൂബയിലേക്കുള്ള വിദേശ എന്ന ഇറക്കുമതി ഡോണാൾഡ് ട്രംപ് തടഞ്ഞതോടെ രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിലാണ്. ജനുവരി മുതൽ വെനിസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം തടഞ്ഞതോടെ രാജ്യം രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നുണ്ട്. ഇത് കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് ക്യൂബ പൂർണമായും ഇരുട്ടിലായത്. വൈദ്യുതി തടസ്സം മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാവുകയും ജനങ്ങളുടെ ജീവൻ അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

 അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കുപ്രകാരം ക്യൂബയുടെ ഊർജ്ജ ഉൽപാദനത്തിന്റെ 58 ശതമാനവും എണ്ണയെ ആശ്രയിച്ചാണ്. ഇതിൽ 60 ശതമാനത്തോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ ഉപരോധം രാജ്യത്തെ തളർത്തുന്നത്.

 ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ ക്യൂബയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിരുന്നു. 'ഇപ്പോൾ വളരെ ദുർബലമായ അവസ്ഥയിലാണ് എനിക്ക് എന്തുവേണമെങ്കിലും അവിടെ ചെയ്യാം'എന്നായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. വെനിസ്വേലയിൽ നിക്കോളാസ് മദുറോയെ മാറ്റി പുതിയ ഭരണകൂടത്തെ കൊണ്ടുവന്ന മാതൃക ക്യൂബയിലും ആവർത്തിക്കാനാണ് അമേരിക്കയുടെ നീക്കം.

 അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ക്യൂബക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ കപ്പലുകൾ ഹവാന തുറമുഖത്ത് എത്തിത്തുടങ്ങി. അതിനിടെ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയപാൽ ജോനാഥൻ ജാക്സൺ എന്നിവർ ക്യൂബ സന്ദർശിക്കുകയും പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കയുടെ ക്രൂരത അവസാനിപ്പിക്കണമെന്ന് ട്രംപിന് അയച്ച പ്രസ്താവനയിലൂടെ ഇവർ ആവശ്യപ്പെട്ടു. 

ചർച്ചകളുടെ പ്രശ്നപരിഹാരത്തിന് ക്യൂബ തയ്യാറാണെങ്കിലും അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുകൾ ഇതുവരെ ഉണ്ടായിട്ടില്ല. പമ്പുകൾ നിലക്കുകയും ആഹാരസാധനങ്ങൾ നശിക്കുകയും ചെയ്യുന്ന അവസ്ഥ ക്യൂബയിൽ തുടരുകയാണ്. 

Tags:    
News Summary - Policy of abuse’: Women march in Cuba against US energy blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.