ഓ ദൈവമേ...ഒരാളെയെങ്കിലും ജീവനോടെ തിരികെ തരൂ -ഭൂകമ്പത്തിൽ ആറു കുട്ടിക​ളെ നഷ്ടമായ പിതാവിന്റെ വിലാപം

ഡമസ്കസ്: പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം സാധാരണ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ദുരിത ബാധിതരാക്കുന്നത്. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടതിന്റെ വേദനയാണ് സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും ഉയരുന്നത്. അതിലൊരാളാണ് സിറിയയിലെ ജോൻദാരിൽ താമസിക്കുന്ന നാസർ അൽ വാക്ക. നാസറിന്റെ രണ്ടു കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ജീവനോടെ പുറത്തെടുത്തു.

കടുത്ത പൊടിപടലങ്ങളും തണുപ്പും വക​വെക്കാതെ കൂരിരുട്ടിൽ രക്ഷാപ്രവർത്തകർ കോൺക്രീറ്റ് പാളികളിൽ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ കോൺക്രീറ്റ് പാളികൾക്കും മെറ്റൽകൂമ്പാരങ്ങൾക്കുമിടയിലിരുന്ന് നാസർ തന്റെ ഭാര്യയെയും മരിച്ച മറ്റ് കുട്ടികളെയും ഓർത്ത് വിലപിക്കുകയാണ്. മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടക്കം ആറു മക്കളെയാണ് നാസറിന് നഷ്ടപ്പെട്ടത്. ആഭ്യന്തരയുദ്ധകാലത്ത് സിറിയയിലെ ​ബോംബാക്രമണങ്ങൾ അതിജീവിച്ച വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ ഭൂകമ്പം കുടുംബത്തെ ഛിന്നഭിന്നമാക്കി കളഞ്ഞു.

ഭൂകമ്പമുണ്ടായപ്പോൾ ഞാൻ പുറത്തേക്ക് ഓടി...ദൈവമേ എന്റെ മക്കളിൽ ഒരാളെയെങ്കിലും ജീവനോടെ തരൂ...എന്നായിരുന്നു നാസറിന്റെ വിലാപം. അദ്ദേഹത്തിന്റെ മൂത്തമകൾ ഹീബയുടെ കൈയെഴുത്തുള്ള ഒരു കടലാസു കഷണം നാസറിന്റെ കൈവശമുണ്ട്. ഹീബയുടെ മടിയിലാണ് സഹോദരി ഇസ്ര കിടക്കുന്നത്. ഇവരുടെ മറ്റൊരു സഹോദരിയായ സമീഹയും തൊട്ടരികിലുണ്ട്. മൂവരും നിശ്ചലമായി കിടക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. തന്റെ കുഞ്ഞിന്റെ മൃതദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞ് അടക്കുന്നതിനും ആ പിതാവ് സാക്ഷിയായി.

തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. തുർക്കി നഗരമായ ജൻദാരിസിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. സിറിയയിൽ വിമതരുടെ അധീനതയിലുള്ള നഗരങ്ങളിലാണ് നാശനഷ്ടം കൂടുതലും.

Tags:    
News Summary - Please God, Let One Survive Syrian Man Who Lost 6 Kids In Earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.