(ഫയൽ ചിത്രം)

യു.എസും ഹൂതികളും തമ്മിൽ രഹസ്യചർച്ച; കപ്പലുകളെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ടു

സൻആ: ചെങ്കടൽ തീരപ്രദേശങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ യമനിലെ ഹൂതി പ്രതിനിധികൾ ഗൾഫ് രാജ്യത്തെ യു.എസ് എംബസിയിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ച നടത്തി. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നതെന്ന് അഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ശക്തമായിരിക്കുന്നതിനിടയിലാണ് ഈ നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്.

ഗൾഫിലെ യു.എസ് എംബസിയിൽ നടന്ന ചർച്ചയിൽ ഹൂതികളുടെ മുതിർന്ന ഉദ്യോഗസ്ഥരായ മുഹമ്മദ് അബ്ദുൽസലാം, അബ്ദുൽമാലിക് അൽ അജിരി എന്നിവർ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. കൂടിക്കാഴ്ചയിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യമിടാൻ ഉദ്ദേശ്യമില്ലെന്നും 2025ലെ യു.എസ് വെടിനിർത്തൽ കരാറിനോട് പ്രതിജ്ഞാബദ്ധരാണെന്നും ഹൂതികൾ വ്യക്തമാക്കിയതായി രണ്ട് വൃത്തങ്ങൾ അറിയിച്ചു. സൗദി അറേബ്യയുടേത് ഒഴികെയുള്ള, ഇസ്രയേലിന്റേതടക്കം മറ്റ് കപ്പലുകളെയോ വാണിജ്യ കപ്പലുകളെയോ തങ്ങൾ ആക്രമിക്കില്ലെന്നും ഹൂതി സംഘം ഉറപ്പുനൽകിയതായി യമൻ വൃത്തങ്ങളും വ്യക്തമാക്കി.

എന്നാൽ യു.എസുമായുള്ള ചർച്ചകൾ നടക്കുമ്പോഴും യമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സൗദിയിലെ യാൻബുവിലുള്ള അരാംകോ എണ്ണക്കമ്പനിയുടെ കേന്ദ്രത്തിന് നേരെയും ഖാമിസ് മുഷൈത് വ്യോമതാവളത്തിന് നേരെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരി സ്ഥിരീകരിച്ചു. യമൻ സേന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നും സൗദിയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.

അതേസമയം, മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണത്തെ ഹൂതികൾ നിഷേധിച്ചു. സൗദിയുടെ വാദം നുണയാണെന്നും വിശുദ്ധ നഗരത്തിനോ മറ്റ് ഇസ്‍ലാമിക പുണ്യസ്ഥലങ്ങൾക്കോ യമനിൽ നിന്ന് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂതികൾ വ്യക്തമാക്കി.

സംഭവത്തെ സൗദിയും അറബ് ലീഗും ഖത്തറും ശക്തമായി അപലപിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ എന്തു നടപടിയും സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Houthis met US officials in Oman, promised not to hit American, Israeli ships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.