ഇന്ധന പ്രതിസന്ധി: ഫിലിപ്പീൻസിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മനില: യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രാജ്യത്ത് 'ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ എണ്ണ വിതരണത്തിലുണ്ടായ തടസ്സവും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതവും മറികടക്കാനാണ് ഈ അടിയന്തര നീക്കം. അടിയന്തരാവസ്ഥ ഒരു വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ഇതിലൂടെ മുൻകൂട്ടി പണം നൽകി ഇന്ധനവും പെട്രോളിയം ഉൽപ്പന്നങ്ങളും വേഗത്തിൽ സംഭരിക്കാൻ സർക്കാരിന് അധികാരമുണ്ട്.

കൂടാതെ ഇന്ധനം പൂഴ്ത്തിവെക്കുന്നവർക്കും അമിതലാഭം കൊയ്യുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏകദേശം 45 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമേയുള്ളൂവെന്ന് ഊർജ്ജ സെക്രട്ടറി ഷാരോൺ ഗാരിൻ അറിയിച്ചു. ബഫർ സ്റ്റോക്ക് വർധിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് 10 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

അമേരിക്കൻ ഉപരോധമുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇളവ് തേടി ഫിലിപ്പീൻസ് വാഷിങ്ടണുമായി ചർച്ച നടത്തുന്നുണ്ടെന്ന് യു.എസിലെ ഫിലിപ്പീൻസ് അംബാസഡർ ജോസ് മാനുവൽ റോമുവൽഡെസ് വ്യക്തമാക്കി. ഇതിനിടെ സർക്കാർ നടപടികൾക്കെതിരെ ഗതാഗത തൊഴിലാളികളും ഉപഭോക്തൃ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ വ്യാഴാഴ്ച മുതൽ രണ്ടുദിവസത്തെ പണിമുടക്കിന് സംഘടനകൾ ആഹ്വാനം ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനം ഒരു താൽക്കാലിക തുന്നിക്കെട്ടൽ മാത്രമാണെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് നികുതിയും വാറ്റും അടിയന്തരമായി പിൻവലിക്കണമെന്നും ഗതാഗത സംഘടനകളുടെ ഫെഡറേഷനായ 'പിസ്റ്റൺ' ആവശ്യപ്പെട്ടു. വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങളെ സഹായിക്കാൻ ചില നഗരങ്ങളിൽ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്. കൂടാതെ, ടാക്സി ഡ്രൈവർമാർക്കും മറ്റ് ഗതാഗത തൊഴിലാളികൾക്കുമായി 5,000 പെസോ (ഏകദേശം 83 ഡോളർ) സബ്‌സിഡി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

Tags:    
News Summary - Philippine president declares energy emergency as impact of Iran war felt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.