ഖബറടക്കാൻ പോലും ഇടമില്ലാതെ ഗസ്സ; പ്രിയപ്പെട്ടവരെ യാത്രയാക്കുന്നത് ജബലിയ മാർക്കറ്റിൽ കൂട്ടക്കുഴിമാടമൊരുക്കി

ഗസ്സസിറ്റി: പിറന്ന മണ്ണിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയിപ്പോൾ സമാനതകളില്ലാത്ത വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. ഗസ്സയെ മരുപ്പറമ്പാക്കി മാറ്റി ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ, മൃതദേഹങ്ങൾ ഖബറടക്കാൻ കൂടി സ്ഥലമില്ലാതെ നിസ്സഹായരാവുകയാണ് ഫലസ്തീനികൾ.

ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തവരിൽ ഭൂരിഭാഗവും ജബലിയ അഭയാർഥി ക്യാമ്പിലാണ് അഭയം തേടിയത്. ഇതിനടുത്തുള്ള മാർക്കറ്റ് കൂട്ടക്കുഴിമാടമാക്കിയിരിക്കുകയാണ് ഗസ്സവാസികൾ. ഇസ്രായേൽ നരനായാട്ടിൽ ഗസ്സയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 18000 കവിഞ്ഞിരിക്കുകയാണ്. പട്ടിണിയും പരിവട്ടവുമനുഭവിക്കുന്ന ആ ജനത അഭയമില്ലാതെ നെട്ടോട്ടമോടുന്നതിനിടെ ആക്രമണം നിർത്താൻ ഒരുക്കമല്ലെന്നാണ് ഇസ്രായേൽ അറിയിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച ഇടമാണ് ഗസ്സയെന്ന് യുനിസെഫ് വിലയിരുത്തിയിരുന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1147 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുന്നത്.

വടക്കൻ ഗസ്സ കൂടാതെ തെക്കൻ ഗസ്സയും ഇസ്രായേലിന്റെ ബോംബിനു മുന്നിലാണ്. ഇവിടങ്ങളിൽ നിന്നുള്ള ശരിയായ വിവരങ്ങൾ ആശയവിനിമയ മാർഗങ്ങൾ തകർക്കപ്പെട്ടതിനാൽ പുറത്തുവരുന്നില്ല. ആക്രമണം നിർത്താൻ ഭാവമില്ലെങ്കിൽ ബന്ദികളെ ജീവനോടെ വിട്ടുനൽകില്ലെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

Tags:    
News Summary - Palestinians turn the market of Jabalia refugee camp, north of Gaza, into a mass grave.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.