മെൽബൺ: മെൽബണിലെ റോവില്ലിലുള്ള ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് നിന്ന് മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സമ്മാനമായിരുന്നു ഈ പ്രതിമ. തിങ്കളാഴ്ച പുലർച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ആസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ അജ്ഞാതരായ മോഷ്ടാക്കൾ മുറിച്ചെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടേകളിൽ പ്രതിമയുടെ കണങ്കാലിൽ ഒന്ന് മുറിഞ്ഞ നിലയിലാണ്. മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയത് എന്ന് കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
വിക്ടോറിയ പോലീസ് നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചുവരികയാണ്. വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നവരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ പ്രതിമയുടെ കണങ്കാലിൽ മുറിഞ്ഞ നിലയിലും കാലുകൾ മാത്രം പിന്നിലായ നിലയിലും ഉള്ളതായി കാണിച്ചു.
2021 നവംബർ 12 ന് മുൻ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ അജ്ഞാതരായ വ്യക്തികൾ ഇത് ആദ്യമായി നശിപ്പിച്ചു. ആസ്‌ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിമ മോഷണം പോയത്. 2025 ജൂലൈയിൽ മെൽബണിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം വംശീയ ചുവരെഴുത്തുകളാൽ വികലമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.