സാലിഹ് അൽ ജഫറാവി
ഗസ്സ: വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന്, വംശഹത്യ അവസാനിച്ചുവെന്ന പ്രഖ്യാപനങ്ങൾക്കിടയിലും ഗസ്സയിൽ ഫലസ്തീനികളെ കൊന്നൊടുക്കൽ തുടർന്ന് ഇസ്രായേൽ.
ഗസ്സയിലെ വെടിനിർത്തൽ വാർത്ത സന്തോഷത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞ യുവ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവിയാണ് ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന് മൂന്നാം ദിനം ഇസ്രായേൽ സൈന്യം പിൻമാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാർത്തകൾക്കിടെയാണ് രണ്ടു വർഷം നീണ്ടു നിന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന്റെ അന്ത്യം. സബ്ര മേഖലയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അൽ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സംഘർഷ സ്ഥലത്തെ ട്രക്കിന് പിറകിലായി ‘പ്രസ്’ ജാക്കറ്റ് ധരിച്ച നിലയിലാണ് മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
ഗസ്സയിലെ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന വാർത്തകൾ അഭയാർഥി ക്യാമ്പുകളിലെ കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ലോകവുമായി പങ്കുവെച്ച അൽജഫറാവിയുടെ ദൃശ്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. തുടർന്നാണ്, വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.
ഗസ്സയിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി തുടങ്ങിയതോടെ അധിനിവേശ സൈന്യത്തിന്റെ പിന്തുണയുള്ള ഗോത്ര വിഭാഗങ്ങൾ ആയുധമെടുത്തതായാണ് റിപ്പോർട്ട്. ഹമാസ് വിരുദ്ധ ഗോത്ര വിഭാഗങ്ങളിലൊന്നായ ‘ദഅ്മുഷ്’ സായുധ സംഘവുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഗസ്സയിലെ ജോർഡനിയൻ ആശുപത്രിക്കു സമീപമാണ് ഹമാസും, ഗോത്ര വിഭാഗ സായുധ സംഘവും ഏറ്റുമുട്ടിയത്. 19 ദഅ്മുഷ് സായുധ പോരാളികളും, എട്ട് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷം പിന്നിട്ട ഇസ്രായേലിന്റെ വംശഹത്യയിൽ അധിനിവേശ സേന മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിടുമ്പോഴും ധൈര്യസമേതം ജോലി തുടരുകയായിരുന്നു സാലിഹ് അൽ ജഫറാവി. യുദ്ധത്തിന്റെ ഭാഗമായി പലതവണ ഗസ്സയിലെ വിവിധ മേഖലകളിലേക്ക് പലായനം ചെയ്യപ്പെട്ട അനുഭവവും അദ്ദേഹം ഇതിനകം പങ്കുവെച്ചിരുന്നു. വടക്കൻ ഗസ്സയിൽ നിന്ന് നാടുകടത്തപ്പെട്ട അൽ ജഫറാവി, വംശഹത്യയെ കുറിച്ചുള്ള വീഡിയോകൾ ലോകത്തിന് മുമ്പിലെത്തിച്ചതിനുള്ള പ്രതികാരമായി ഇസ്രായേൽ ഭീഷണിക്കും ഇരയായിരുന്നു.
ഇതിനിടയിൽ വ്യോമാക്രമത്തിൽ പരിക്കേറ്റപ്പോൾ ആശുപത്രിയിൽ വെച്ചും വീഡിയോ റിപ്പോർട്ടിലൂടെ ലോകത്തെ അറിയിച്ചു.
രണ്ടു വർഷം നീണ്ടു നിന്ന ദുർഘടമായ യുദ്ധക്കെടുതിയെ അതിജീവിച്ച്, സമാധാനത്തിലേക്ക് തിരികെയെത്തുന്ന സന്തോഷത്തിനിടെയാണ് അധിനിവേശ സേനയുടെ പിന്തുണയുള്ള അക്രമികൾ അൽ ജഫറാവിയെയും വളഞ്ഞുവെച്ച് വെടിയുതിർത്ത് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്.
ഇസ്രായേൽ ആക്രമണങ്ങളെ കുറിച്ചും, നേരിട്ടനുഭവിച്ച വംശഹത്യയെ കുറിച്ചു കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം അൽ ജസീറയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
‘കഴിഞ്ഞ 467 ദിവസങ്ങളും ഓർമയിൽ നിന്നും എളുപ്പത്തിൽ മാഞ്ഞുപോവില്ല. കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. ഓരോ നിമിഷവും ഭീതിയിലായിരുന്നു ഞങ്ങൾ ജീവിച്ചത്. പ്രത്യേകിച്ച്, ഇസ്രായേൽ അധിനിവേശം എന്നെ കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ ഓരോ നിമിഷവും ഭീതിയിൽ ജീവിക്കുകയായിരുന്നു’ -അൽ ജഫറാവി പറഞ്ഞു.
2023 ഒക്ടോബർ മുതലുള്ള ആക്രമണങ്ങളിൽ 270ൽ ഏറെ മാധ്യമ പ്രവർത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ഫാഫോ എന്ന വിളിപ്പേരുകാരനായ സാലിഹ് അൽ ജഫറാവി ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് ലോകത്തിന് മുന്നിൽ ഫലസ്തീന്റെ മുഖമായി മാറിയത്. വീഡിയോ േവ്ലാഗറായി തുടങ്ങിയ മാധ്യമ പ്രവർത്തനത്തിനിടെ ഗസ്സയിലെ വിശേഷങ്ങളായിരുന്നു അദ്ദേഹം ആദ്യം ലോകവുമായി പങ്കുവെച്ചത്. ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, ഗസ്സയിലെ ബോബിങ്ങും, ദുരിതവും അഭയാർഥി ക്യാമ്പുകളിലെ വിശേഷങ്ങളും ആശുപത്രിയിലെ വാർത്തകളുമെല്ലാം അദ്ദേഹം പങ്കുവെച്ചു.
27 വയസ്സിനിടെ യുദ്ധമുഖത്ത് ധീരമായ മാധ്യമ പ്രവർത്തനത്തിന്റെ പ്രതീകവുമായി. നല്ലൊരു ടേബിൾ ടെന്നീസ് താരം കൂടിയായിരുന്നു റാങ്കിങ്ങ് െപ്ലയർ കൂടിയായ അൽ ജഫറാവി. വിശുദ്ധ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കുകയും, നന്നായി പാട്ടുപാടുകയും ചെയ്ത്, സമാധാനവും സ്വൈര്യവുമുള്ള ഫലസ്തീനെ സ്വപ്നംകണ്ട യുവാവായിരുന്നു യുദ്ധം ആരഭിക്കുന്ന കാലംവരെ ജഫറാവിയെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.
ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, ഇരമ്പിയെത്തുന്ന യുദ്ധവിമാനങ്ങളുടെ ശബ്ദങ്ങൾക്കു താഴെ വീഡിയോ ലൈവുമായി ജഫറാവി ഓടുന്ന ദൃശ്യങ്ങൾ ലോകം ഏറെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.