പശ്ചിമേഷ്യൻ സമാധാനത്തിന് പാക് മധ്യസ്ഥത; നിർണ്ണായക ചർച്ചകൾ ഇസ്‌ലാമാബാദിൽ

ഇസ്‌ലാമാബാദ്: യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിർണ്ണായക ചർച്ച പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. പാകിസ്താൻ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലേക്ക് എത്തിക്കാൻ സജീവമായി പ്രവർത്തിക്കുന്നത്.

ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചയിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കുമെന്ന് ഇസ്രായേൽ വൃത്തങ്ങളും സൂചിപ്പിച്ചു. അതേ സമയം പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പിന്തുണ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്താൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഇറാൻ പ്രസിഡന്റുമായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ചർച്ചകൾ നടത്തിയതായി ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

 

 

പശ്ചിമേഷ‍്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നയതന്ത്ര നീക്കങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്. തുർക്കിയ, ഈജിപ്ത്, പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും പ്രത്യേക ചർച്ചകൾ നടത്തി‍യതായാണ് റിപ്പോർട്ട്. കൂടാതെ യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇറാന്‍ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായെന്ന് ട്രംപ് വിലയിരുത്തിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ട്രംപിന്‍റെ അവകാശവാദങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായി തള്ളുകയും കഴിഞ്ഞ 24 ദിവസത്തിനുള്ളിൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്ന് ഇറാൻ വക്താവ് വ്യക്തമാക്കുകയും ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പല കാര്യങ്ങളിലും ധാരണയായെന്നുമുള്ള ട്രംപിന്റെ അവകാശവാദങ്ങളിൽ ഇസ്രായേലും അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Pakistan's mediation for West Asian peace; Crucial talks in Islamabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.