ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ബുധനാഴ്ച ജയിലിൽ നിന്ന് മാറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അദിയാല ജയിലിൽ നിന്ന് ഇംറാൻ ഖാനെ മാറ്റിയെന്ന വാർത്തകൾക്ക് ഒരടിസ്ഥാനവുമില്ലെന്നും ജയിൽഅധികൃതരെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പൂർണ ആരോഗ്യവാനായ ഇംറാൻ ഖാന് എല്ലാവിധ വൈദ്യസഹായങ്ങളും അനുവദിക്കുന്നുണ്ട്. ഇംറാൻ ഖാനെ കാണാനായി പ്രതിഷേധം നടത്തിയ സഹോദരിമാർക്ക് ജയിൽ അധികൃതർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. അനുമതി ലഭിച്ചതോടെ സഹോദരിമാർ പ്രതിഷേധസമരം അവസാനിപ്പിക്കുകയും ചെയ്തു. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.
അതിനിടെ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇംറാൻ ഖാനെ അടിയന്തരമായി സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് പി.ടി.ഐ ആവശ്യപ്പെട്ടു. ഇംറാൻ ഖാന്റെ ആരോഗ്യം, സുരക്ഷ, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ച് ഔദ്യോഗിക തലത്തിൽ പ്രസ്താവന പുറപ്പെടുവിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികൾ ആയവരെക്കുറിച്ച് അന്വേഷിച്ച് വസ്തുതകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ജയിലിൽ കഴിയുന്ന ഇംറാൻ ഖാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അഭ്യൂഹം പരന്നിരുന്നു. അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അദിയാല ജയിലിന് പുറത്ത് എത്തിയ സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പൊലീസ് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ ഖാൻ അദിയാല ജയിലിൽ കൊല്ലപ്പെട്ടതായി പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിച്ചത്. അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആയിരക്കണക്കിനാളുകൾ ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം തുടങ്ങി.
2023 ആഗസ്റ്റിലാണ് മുൻ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജയിലിലടച്ചത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് ആയിരക്കണക്കിന് പി.ടി.ഐ അനുയായികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ജയിലിന് പുറത്ത് ഉണ്ടായിരുന്ന സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി നൗറീൻ നിയാസി ആരോപിച്ചു.
“മൂന്ന് വർഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തി. പൊലീസിന്റെ പെരുമാറ്റം കുറ്റകരവും നിയമവിരുദ്ധവും അപലപനീയവുമാണ്. ജനാധിപത്യ സമൂഹത്തിലെ നിയമ നിർവഹണ ഏജൻസിയുടെ അടിസ്ഥാന കടമകൾക്ക് വിരുദ്ധമായിരുന്നു നീക്കം’ -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.