മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്‌.ഐയെ സഹായിച്ച പാക് പണ്ഡിതൻ വെടിയേറ്റു മരിച്ചു

ഇസ്‍ലാമാബാദ്: അറിയപ്പെടുന്ന പാക് പണ്ഡിതനായ മുഫ്തി ഷാ മിർ, ബലൂചിസ്താൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ഇറാനിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ പാകിസ്താൻ ഐ.എസ്‌.ഐ ചാര ഏജൻസിയെ സഹായിച്ചതായി മുഫ്തിക്കെതിരെ ആരോപണമുയർന്നിരുന്നു.

കെച്ചിലെ ടർബത്ത് പട്ടണത്തിൽ വെള്ളിയാഴ്ച രാത്രി പ്രാർത്ഥനക്കുശേഷം പള്ളിയിൽനിന്ന് ഇറങ്ങുമ്പോൾ മിറിനെ ലക്ഷ്യമിട്ടതായി ‘ഡോൺ’ പത്രം പറഞ്ഞു. മോട്ടോർ സൈക്കിളുകളിൽ സഞ്ചരിച്ച ആയുധധാരികൾ മുഫ്തി ഷാ മിറിന് നേരെ വെടിയുതിർത്തുവെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും പൊലീസിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ മിറിനെ ടർബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ അദ്ദേഹം മരിച്ചതായും അവർ അറിയിച്ചു. നിരവധി തവണ വെടിയേറ്റ പരിക്കുകളാണ് മരണകാരണമായി പറയുന്നത്.

‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മുഫ്തി ഷാ മിറിന് ജാമിയത്ത് ഉലമാ എ ഇസ്‍ലാം-എഫുമായി (ജെ.യു.ഐ-എഫ്) അടുപ്പമുണ്ടായിരുന്നുവെന്നാണ്. ഐ.എസ്‌.ഐയുമായും അടുത്തയാളായിരുന്നുവെന്നും പാകിസ്താനിലെ ഭീകര ക്യാമ്പുകൾ പലപ്പോഴും സന്ദർശിക്കുകയും തീവ്രവാദികളെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുമ്പ് രണ്ടു തവണ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതാണ് മിർ. ഖുസ്ദറിൽ ജെ.യു.ഐ-എഫിന്റെ രണ്ട് നേതാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കുശേഷമാണ് ആക്രമണം.

എന്താണ് കുൽഭൂഷൺ ജാദവ് കേസ്​?

ഇറാനിലെ ചാബഹാറിൽ ബിസിനസ്സ് നടത്തിയിരുന്ന വിരമിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2017ൽ പാകിസ്താൻ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. ജാദവിന് ന്യായമായ വിചാരണ നിഷേധിച്ചതായി ആരോപിച്ച് ഇന്ത്യ വിധിയെ ശക്തമായി എതിർത്തു.

2019ൽ ജാദവിന്റെ വധശിക്ഷ നിർത്തിവച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്താനോട് അദ്ദേഹത്തിന്റെ ശിക്ഷ പുനഃപരിശോധിക്കാനും കോൺസുലാർ പ്രവേശനം അനുവദിക്കാനും ആവശ്യപ്പെട്ടു.

2016ൽ ഇറാൻ-പാകിസ്താൻ അതിർത്തിക്ക് സമീപത്തുനിന്ന് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി പാകിസ്താൻ സൈന്യത്തിന് കൈമാറി. നിലവിൽ അദ്ദേഹം പാകിസ്താൻ ജയിലിലാണ്.

ജാദവിനെ തട്ടിക്കൊണ്ടുപോയതിൽ പ്രധാന പങ്കുവഹിച്ച ജെയ്‌ഷെ അൽ-അദൽ അംഗമായ മുല്ല ഉമർ ഇറാനിയെ 2020ൽ ടർബത്തിൽവെച്ച് ഐ.എസ്‌.ഐ പ്രവർത്തകർ വെടിവച്ചു കൊന്നതായി ആരോപിക്കപ്പെടുന്നുവെന്ന് ‘ദ ടെലഗ്രാഫ്’ ​റിപ്പോർട്ടിൽ പറഞ്ഞു.

2021ൽ, ശിക്ഷിക്കപ്പെട്ടതിനെതിരെ ജാദവിന് അപ്പീൽ നൽകാൻ അനുവദിക്കുന്ന ഒരു ബിൽ പാകിസ്താൻ പാസാക്കുകയുണ്ടായി. എന്നാൽ, നിയമത്തിന് മുൻ നിയമനിർമാണത്തിന്റെ അതേ ‘പോരായ്മകൾ’ ഉണ്ടെന്നും ഈ കേസിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ‘പരാജയപ്പെട്ടു’ എന്നും ഇന്ത്യ പറഞ്ഞു.

Tags:    
News Summary - Pakistani scholar who helped ISI abduct former Indian Navy officer Kulbhushan Jadhav shot dead in Balochistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.