അഫ്ഗാൻ അഭയാർഥികളുടെ മൂന്നാംഘട്ട നാടുകടത്തലിന് തുടക്കമിട്ട് പാകിസ്താൻ; 1.4 ദശലക്ഷം പേരെ ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ

ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർഥികളെ നാടുകടത്താനുള്ള മൂന്നാംഘട്ട നടപടികൾക്ക് തുടക്കമിട്ട് പാകിസ്താൻ ഭരണകൂടം. യു.എൻ.എച്ച്.സി.ആർ നൽകിയ രജിസ്ട്രേഷൻ കാർഡുകൾ കൈവശമുള്ള അഫ്ഗാൻ അഭയാർഥികൾക്ക് സ്വമേധയാ മടങ്ങാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്നാംഘട്ട നടപടി പുനരാരംഭിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സമയപരിധിക്കുള്ളിൽ രാജ്യംവിടാത്ത അഭയാർഥികൾ നിർബന്ധിത പുറത്താക്കൽ നേരിടേണ്ടി വരും. പാകിസ്താനിൽ കഴിയുന്ന രജിസ്റ്റർ ചെയ്ത 1.4 ദശലക്ഷം അഭയാർഥികളെ പാക് ഭരണകൂടത്തിന്‍റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണ് ഖാമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

2023 ഒക്ടോബറിൽ ആരംഭിച്ച നാടുകടത്തൽ കാമ്പയിൻ പാകിസ്താൻ ശക്തമാക്കുകയും കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ഏകദേശം 10 ലക്ഷം അഫ്ഗാനികളെ നാടുകടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് രേഖകളുള്ളവരും രജിസ്റ്റർ ചെയ്തവരുമായ അഭയാർഥികളെ നാടുകടത്താനുള്ള നടപടി പാക് ഭരണകൂടം സ്വീകരിക്കുന്നത്.

അതേസമയം, പാകിസ്താൻ നടപടി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും അഭയാർഥി സംരക്ഷണ കരാറുകളും പാകിസ്താൻ ലംഘിക്കുകയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

അഭയാർഥികളുടെ കൂട്ട തിരിച്ചുവരവ് അഫ്ഗാനിസ്താന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യു.എൻ.എച്ച്.സി.ആർ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) അടക്കമുള്ള ഐക്യരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. നാടുകടത്തൽ നടപടി നിർത്തിവെക്കാൻ പാകിസ്താനുമേൽ സമ്മർദം ചെലുത്താൻ രാജ്യാന്തര തലത്തിൽ കൂട്ടായ ശ്രമം വേണമെന്നാണ് ആവശ്യം.

അഫ്ഗാൻ അഭയാർഥികൾ പാക് സുരക്ഷാസേനയുടെ മോശം പെരുമാറ്റവും പീഡനവും നേരിടുന്നതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥർ വരുമാന മാർഗമായാണ് നാടുകടത്തലിനെ ഉപയോഗിക്കുന്നതെന്നും ചിലർ കൈക്കൂലി വാങ്ങി അഭയാർഥി തടവുകാരെ വിട്ടയക്കുന്നുവെന്നും വിമർശനമുണ്ട്.

നേരത്തെ, പ​ഞ്ചാ​ബി​ലെ 150 അ​ഫ്ഗാ​ൻ കോ​ള​നി​ക​ളി​ൽ ​നി​ന്ന് 5000 അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ നാടുകടത്താനായി മ​റി​യം ന​വാ​സ് സ​ർ​ക്കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. പ​ഞ്ചാ​ബി​ൽ ഒ​രു ല​ക്ഷം അ​ഫ്ഗാ​ൻ പൗ​ര​ന്മാ​ർ അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് സു​ര​ക്ഷ​സേ​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Pakistan to launch third phase of deporting Afghan refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.