ഇസ്ലാമാബാദ്: സൈന്യത്തിലെ ജനറൽമാരെ "വസ്തു ഇടപാടുകാർ" എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലെ മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ആയാസ് അമീറിനെതിരെ ആക്രമണം. ദുനിയ എന്ന വാർത്ത ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് പോകുംവഴിയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വഴി തടഞ്ഞ ശേഷം ഡ്രൈവറെ കാറിന് പുറത്തേക്ക് ഇറക്കി ആക്രമിക്കുകയും പിന്നീട് തന്‍റെ നേരെ തിരിയുകയുമായിരുന്നു എന്നും ആയാസ് പറഞ്ഞു. ആളുകൾ ഓടിക്കൂടുന്നത് കണ്ട് ആയാസിന്‍റെ ഫോണും പഴ്സും എടുത്ത് ആക്രമികൾ കടന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കം പങ്കെടുത്തിരുന്ന സെമിനാറിൽ ആയാസ് സംസാരിച്ചിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി സംഘടിപ്പിച്ച സെമിനാറിൽ 'ഭരണവ്യവസ്ഥയിലെ മാറ്റങ്ങൾ പാകിസ്ഥാനിൽ അലയടിക്കുന്നതെങ്ങനെ' എന്ന വിഷയത്തിലാണ് ആയാസ് സംസാരിച്ചത്.
സൈനിക ജനറൽമാർ വസ്തു ഇടപാടുകാരാണെന്നും മുഹമ്മദ് അലി ജിന്ന, അലമ ഇഖ്ബാൽ അടക്കം ആളുകളുടെ ചിത്രങ്ങൾ മാറ്റി ഇടപാടുകാരുടെ ചിത്രം വെക്കണമെന്നും ആയാസ് വിമർശിച്ചിരുന്നു. കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെയും പരോക്ഷമായി വിമർശിച്ചു. അദ്ദേഹം കാലാവധി തികച്ചിട്ടും തുടരാനുള്ള ശ്രമത്തിലാണ് എന്ന പരാമർശമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.