യു.എസിനെയും ഇറാനെയും ചർച്ചാ മേശയിലെത്തിക്കാൻ തീവ്ര ശ്രമവുമായി പാകിസ്താൻ

ഇസ്‍ലാമാബാദ്: അമേരിക്കയെയും ഇറാനെയും വീണ്ടും ചർച്ചകളിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രാദേശിക രാജ്യങ്ങളുടെ പിന്തുണയോടെ നിരന്തരമായ ഇടപെടലുകൾ നടത്തിവരികയാണെന്ന് പാകിസ്താൻ. ഇസ്‍ലാമാബാദിൽ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അൻദ്രബിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ ശ്രമങ്ങളുടെ ഭാഗമായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തിയതായി വക്താവ് പറഞ്ഞു. ഉച്ചകോടിയുടെ തിരിശ്ശീലക്ക് പിന്നിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

പ്രാദേശിക സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീർ കഴിഞ്ഞ ആഴ്ച ഇറാൻ സന്ദർശിച്ചിരുന്നതായും താഹിർ അൻദ്രബി വ്യക്തമാക്കി.

മുനീറിന്റെ സന്ദർശന വേളയിൽ സൈനിക സ്തംഭനാവസ്ഥ മറികടക്കൽ, പ്രാദേശിക സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചാപരിഹാരങ്ങൾ തേടൽ എന്നിവ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒരിടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ ഭീതിപരത്തി യു.എസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സിരികിൽ നടന്ന ഒരു വിവാഹാഘോഷത്തിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് ഇറാൻ ശക്തമായ തിരിച്ചടിയാണ് നൽകിയത്.

അഞ്ച് സിവിലിയന്മാരുടെ മരണത്തിടയാക്കിയ യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി, ജോർഡനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിലും ഒരു യു.എസ് മറൈൻ താവളത്തിലും ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് കേന്ദ്രങ്ങൾക്കു നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു.

ഇറാനിലെ സിരികിൽ വിവാഹാഘോഷത്തിനിടയിൽ ഒരു വീടിന് നേരെ ആക്രമണമുണ്ടാവുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോർഡനിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയത്.

ജൂലൈയിലെ ആക്രമണങ്ങൾക്ക് ശേഷം ഒരു മാസം കഴിഞ്ഞാണ് യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഹുർമുസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾക്ക് നേരെ തിങ്കളാഴ്ച നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.

Tags:    
News Summary - Pakistan pushes US-Iran talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.