'ഞങ്ങൾ ഉണ്ടാക്കാത്ത പ്രതിസന്ധിക്ക് ഞങ്ങൾ എന്തിന് വില നൽകണം?'; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് കാലാവസ്ഥാ നഷ്ടപരിഹാര ആവശ്യവുമായി നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ രസുവ, ഭോട്ടെകോഷി-ത്രിശൂലി നദീതടങ്ങളിൽ ആയിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരമായ മിന്നൽപ്രളയത്തിന് പിന്നാലെ ആഗോള കാർബൺ പുറന്തള്ളലിൽ മുന്നിൽ നിൽക്കുന്ന ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. തങ്ങൾ ചെയ്ത തെറ്റിനല്ല നേപ്പാളിലെ ജനങ്ങൾ ജീവൻ നൽകേണ്ടി വന്നതെന്നും, ഇത് രാജ്യങ്ങൾക്ക് നൽകുന്ന സൗജന്യ സഹായമോ ഔദാര്യമോ അല്ല മറിച്ച് നിയമപരവും ധാർമികവുമായ ബാധ്യതയാണെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ നേപ്പാളിന്റെ പങ്ക് നാമമാത്രമാണെങ്കിലും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കൊടും പ്രത്യാഘാതങ്ങളാണ് ഹിമാലയൻ മഞ്ഞുപാളികൾ ഉരുകുന്നതിലൂടെയും 'പർവത സുനാമി' പോലുള്ള വിനാശകരമായ പ്രളയങ്ങളിലൂടെയും രാജ്യം അനുഭവിക്കുന്നത്. 'സഹായം' എന്ന യാചനയിൽ നിന്ന് മാറി 'നീതിയും നഷ്ടപരിഹാരവും' എന്ന നയതന്ത്ര ചട്ടക്കൂടിലേക്ക് നേപ്പാൾ മാറുകയാണെന്ന് വിദേശകാര്യ മന്ത്രി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആഗോള കാർബൺ പുറന്തള്ളലിന്റെ വലിയ പങ്ക് വഹിക്കുന്ന ചൈനയ്ക്കും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങളെ സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 26-നുണ്ടായ ദുരന്തത്തിൽ ആയിരത്തിലേറെ ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ 'ലോസ് ആൻഡ് ഡാമേജ് ഫണ്ട്' ബോർഡിനും നേപ്പാൾ ധനമന്ത്രാലയം അടിയന്തര സഹായത്തിനായുള്ള ഔദ്യോഗിക അപേക്ഷ അയച്ചിട്ടുണ്ട്. ഹിമാലയത്തിലെ മഞ്ഞുപാളികൾ അപ്രത്യക്ഷമായാൽ ഗംഗയും ത്രിശൂലിയുമുൾപ്പെടെയുള്ള നദികളെ ആശ്രയിക്കുന്ന ദക്ഷിണേഷ്യയിലെ 200 കോടിയോളം ജനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും, ഇത് ഒരു സംസ്കാരത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്നും നേപ്പാൾ ഭരണകൂടം ഓർമിപ്പിച്ചു.

Tags:    
News Summary - 'Not Charity, But Moral Liability': Nepal Demands Climate Compensation from China, US and India for Floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.