മോഹൻ ഭാഗവത്

മോഹൻ ഭാഗവതിന്റെ യുകെ സന്ദർശനത്തിനെതിരെ പ്രതിഷേധം; ബഹിഷ്കരണം ആവശ്യപ്പെട്ട് 20ലേറെ പ്രവാസി സംഘടനകൾ

ലണ്ടൻ: അമേരിക്കൻ സന്ദർശന വിവാദത്തിന് പിന്നാലെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ ബ്രിട്ടൻ സന്ദർശനം ബഹിഷ്കരിക്കണമെന്നും അദ്ദേഹത്തിന് വിസയും നയതന്ത്ര സൗകര്യങ്ങളും നൽകരുതെന്നും ആവശ്യപ്പെട്ട് യുകെയിലെ പ്രവാസി സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത കൂട്ടായ്മ രംഗത്ത്. ആർഎസ്എസും സംഘപരിവാർ സംഘടനകളും ഉയർത്തുന്ന ഭീഷണികൾ യാഥാർത്ഥ്യവും ഇപ്പോഴും തുടരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടനിലെ ഇന്ത്യൻ പ്രവാസി സമൂഹങ്ങൾ ബ്രിട്ടീഷ് സർക്കാരിനോടും ജനപ്രതിനിധികളോടും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആർഎസ്എസിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗവതിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഹിറ്റ്ലർ നടപ്പിലാക്കിയ ജൂത വംശഹത്യ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടും നടപ്പിലാക്കണമെന്ന് കരുതുന്ന ഒരു പ്രസ്ഥാനത്തിന്റെ തലവനാണ് മോഹൻ ഭാഗവത് എന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രത്തെ നയിക്കുന്ന വ്യക്തിയെ ബ്രിട്ടീഷ് മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കൂട്ടായ്മ പ്രസ്താവനയിൽ വ്യക്തമാക്കി. ആർഎസ്എസിന്റെ വിദേശ ശാഖകളിലൂടെ യുകെയിലെ പ്രാദേശിക സമൂഹങ്ങളിലും സൗഹാർദ്ദ അന്തരീക്ഷം തകർക്കപ്പെടുന്നതായും വിദ്വേഷ രാഷ്ട്രീയത്തിന് വേരോട്ടം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായും സംഘടനകൾ ആരോപിച്ചു.

ന്യൂയോർക്കിലും അമേരിക്കയിലെ വിവിധയിടങ്ങളിലും മോഹൻ ഭാഗവതിന്റെ സന്ദർശനത്തിനെതിരെ ജനപ്രതിനിധികളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതിന് പിന്നാലെയാണ് യുകെയിലും പ്രതിഷേധം പുകയുന്നത്. ഇന്ത്യൻ പൗരന്മാരുടെയും മത-സാമൂഹിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെ തലവന് നയതന്ത്ര അംഗീകാരമോ പൊതുവേദികളോ നൽകി സാധൂകരിക്കരുതെന്നും ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന് സമർപ്പിച്ച ഔദ്യോഗിക നിവേദനത്തിൽ, യുകെ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം രാജ്യസുരക്ഷയ്ക്കും പൊതുനന്മയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന പ്രവേശന വിലക്ക് മോഹൻ ഭാഗവതിനെതിരെയും പ്രയോഗിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. 2022-ൽ ലെസ്റ്ററിലുണ്ടായ ഹിന്ദു-മുസ്‌ലിം സംഘർഷങ്ങളെ പരാമർശിച്ച മനുഷ്യാവകാശ പ്രവർത്തകർ, വിദേശ മണ്ണിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ യുകെയിലെ പ്രാദേശിക സാമുദായിക ഐക്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ചൂണ്ടിക്കാട്ടി.

അമേരിക്കൻ സന്ദർശനവേളയിൽ 'നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ ഡിഎൻഎ' എന്ന് ഭാഗവത് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇരട്ടത്താപ്പാണെന്ന് പ്രവാസി സംഘടനകളും പ്രതിപക്ഷ പാർട്ടികളും നേരത്തെ വിമർശിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ അത്തരം സഹിഷ്ണുത പ്രാവർത്തികമാക്കാത്ത ഒരു സംഘടനയുടെ അധ്യക്ഷന് ലണ്ടനിൽ പൊതുവേദികൾ നൽകരുതെന്നും, ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുസമാധാന പ്രശ്നങ്ങൾ മുൻകൂട്ടി അന്വേഷിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു

Tags:    
News Summary - 'Threats Posed by RSS Are Real': Diaspora Groups in UK Demand Boycott of Mohan Bhagwat's Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.