വെടിനിർത്തൽ കാറ്റിൽപ്പറത്തി ഗസ്സയിൽ ഇസ്രായേൽ മിന്നലാക്രമണം; സ്ത്രീയും കുട്ടികളുമടക്കം നാല് മരണം, ഹമാസ് സുരക്ഷാ തലവനെ തട്ടിക്കൊണ്ടുപോയെന്ന്
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പരസ്യമായി ലംഘിച്ച് പടിഞ്ഞാറൻ ഗസ്സ സിറ്റിയിലെ ജനസാന്ദ്രതയേറിയ മേഖലയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ മിന്നലാക്രമണത്തിൽ സ്ത്രീയും രണ്ട് കുട്ടികളുമടക്കം നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ജനനിബിഡമായ കതീബ, രിമാൽ പ്രദേശങ്ങളിലാണ് ഇസ്രായേൽ സൈന്യവും ഷിൻബെറ്റ് സുരക്ഷാ വിഭാഗവും സംയുക്തമായി കമാൻഡോ വേട്ട നടത്തിയത്. ആക്രമണത്തിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവനെ തടവിലാക്കിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ ഇസ്രായേൽ നടത്തിയ ആക്രമണം ഗുരുതരമായ കുറ്റകൃത്യവും വെടിനിർത്തൽ കരാറിന്റെ ലംഘനവുമാണെന്ന് ഹമാസ് അപലപിച്ചു.
കതീബ മേഖലയിൽ ഇസ്രായേൽ സേന നടത്തിയ അപ്രതീക്ഷിത ആക്രമണം കനത്ത പരിഭ്രാന്തിയാണുണ്ടാക്കിയത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ഫലസ്തീൻ അഭയാർകൾക്കു നേരെ ഇസ്രായേൽ സൈനിക വാഹനം യാതൊരു പ്രകോപനവുമില്ലാതെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.ഒരു ജീപ്പ് റോഡിന് നടുവിൽ നിർത്തി ഇരുവശങ്ങളിലേക്കും വെടിയുതിർത്തു.
15 മിനിറ്റിലധികം മഴപോലെ വെടിയുണ്ടകൾ ഞങ്ങളുടെ നേരെ പെയ്തിറങ്ങി. അത് ഭയപ്പെടുത്തുന്നതായിരുന്നു’- കൂടാരത്തിൽ താമസിക്കുന്ന വഫീഖ അൽ ഹെലൂ എന്ന ഫലസ്തീൻ സ്ത്രീ സാക്ഷ്യപ്പെടുത്തി. മൂന്ന് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ അഞ്ചും ആറും വ്യോമാക്രമണങ്ങളാണ് പ്രദേശത്തുണ്ടായതെന്ന് മറ്റൊരു സാക്ഷിയായ മുഅ്താസ് അബു അസ്ർ വ്യക്തമാക്കി.
ഇസ്രായേൽ പ്രത്യേക സേനയും അവർക്ക് ഒത്താശ ചെയ്യുന്ന തദ്ദേശീയരായ ചില സായുധ സംഘങ്ങളും ഹമാസ് ആഭ്യന്തര സുരക്ഷാ തലവന്റെ വീടിന് സമീപത്തേക്ക് അതീവ രഹസ്യമായാണ് എത്തിയത്. എന്നാൽ ഇവരുടെ സാന്നിധ്യം ഫലസ്തീൻ പ്രതിരോധ വിഭാഗം തിരിച്ചറിഞ്ഞു.
തുടർന്ന് ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫിസ് വക്താവ് ഇസ്മായിൽ അൽ തവാബ്ത സ്ഥിരീകരിച്ചു. പ്രതിരോധ സേനയുടെ തിരിച്ചടിയിൽ ഇസ്രായേൽ പ്രത്യേക സേനയിലെ ചില അംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കമാൻഡോകളെ രക്ഷപ്പെടുത്താനായി ഇസ്രായേൽ വ്യോമസേന നടത്തിയ അടിയന്തര വ്യോമാക്രമണത്തിലാണ് രണ്ട് വാഹനങ്ങൾ തകരുകയും നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തത്.
അതേസമയം, തങ്ങളുടെ സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. പിടിയിലായ ഹമാസ് ഉദ്യോഗസ്ഥന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്താൻ ഇസ്രായേൽ തയ്യാറായിട്ടില്ല. അദ്ദേഹം ഗസ്സയിലെ ഹമാസ് ഭരണം പുനഃസ്ഥാപിക്കാനും നിരായുധീകരണ ശ്രമങ്ങളെ തടയാനും ശ്രമിച്ചുവെന്ന് നെതന്യാഹു ആരോപിച്ചു.
കൂടാതെ ഇസ്രായേലി തടവുകാരെ ഒളിപ്പിക്കുന്നതിനും ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിനും സൈനിക ശേഷി വർധിപ്പിക്കുന്നതിനും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചതായും നെതന്യാഹു കുറ്റപ്പെടുത്തി. ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം തങ്ങളുടെ ജനതക്ക് നേരെ തുടരുന്ന ക്രൂരമായ വംശഹത്യയുടെ ഭാഗമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.