ട്രംപിനൊപ്പം ഷബഹാസ് ശരീഫ്

ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് ട്രംപ്; ട്രംപിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് പാക് പ്രധാനമന്ത്രി

കൈറോ: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് എന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. ഈജിപ്തിൽ ട്രംപിന്‍റെ സാന്നിധ്യത്തിലായിരുന്നു ഷഹബാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും പാകിസ്താനും ആണവ ശക്തികളാണെന്ന് അറിയാവുന്ന ഈ മാന്യൻ ഇല്ലായിരുന്നെങ്കിൽ, ആ നാല് ദിവസങ്ങളിൽ തന്‍റെ അത്ഭുതകരമായ ടീമുമായി അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കിൽ, യുദ്ധം മറ്റൊരു തലത്തിലേക്ക് പോകുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരും അറിഞ്ഞിരിക്കില്ലായെന്നും ഷഹബാസ് വ്യക്തമാക്കി.

ട്രംപ് നൊബേൽ സമാധാന സമ്മാനത്തിന് അർഹനാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ഗസ്സയിൽ സമാധാനം സാധ്യമാക്കി. പശ്ചിമേഷ്യയിൽ ആയിരങ്ങളുടെ ജീവൻ ട്രംപ് സംരക്ഷിച്ചു. ട്രംപിനെ സല്യൂട്ട് ചെയ്യുന്നുവെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ട്രംപ് തന്നെയാണ് ഷഹബാസിനെ ക്ഷണിച്ചത്.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ, ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. നേരത്തേ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോൾ, ഇസ്രായേൽ-ഗസ്സ സംഘർഷം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ അവകാശവാദം.

ഇസ്രായേലിലേക്കുള്ള യാത്രക്കിടെ എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാകിസ്താൻ-അഫ്ഗാനിസ്താൻ ഏറ്റുമുട്ടൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോൾ മറ്റൊരു ദൗത്യത്തിലാണെന്നും തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിനായി ശ്രമിക്കുമെന്നും ട്രംപ് കൂട്ടി​ച്ചേർത്തു.

ഇന്ത്യ -പാകിസ്താൻ സംഘർഷം താൻ ഇടപെട്ട് പരിഹരിച്ചെന്ന അവകാശവാദം ഇസ്രായേല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിലും ട്രംപ് ആവർത്തിച്ചു. ഗസ്സ സമാധാന കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും മേയിലെ സംഘർഷത്തെ ലഘൂകരിച്ചെന്ന് പറഞ്ഞത്.

ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലങ്ങള്‍ പണിയും. ഇസ്രായേല്‍ - ഹമാസ് യുദ്ധം താന്‍ പരിഹരിച്ച മറ്റൊരു യുദ്ധമാണ്. തെല്‍ അവീവിനെ ദുബൈയിലേക്കും ഹൈഫയെ ബെയ്‌റൂട്ടിലേക്കും ഇസ്രായേലിനെ ഈജിപ്തിലേക്കും സൗദി അറേബ്യയെ ഖത്തറിലേക്കും ഇന്ത്യയെ പാകിസ്താനിലേക്കും തുര്‍ക്കിയയെ ജോര്‍ദാനിലേക്കും യു.എ.ഇയെ ഒമാനിലേക്കും അര്‍മേനിയയെ അസര്‍ബൈജാനിലേക്കും ബന്ധിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുത്തത്. മേയ് 10ന് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി.

ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കുകയും താന്‍ മധ്യസ്ഥത വഹിച്ചതായി അവകാശപ്പെടുകയും ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മേയ് 10ന് ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്‍റെ അവകാശവാദം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാവുകയും മറുപടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷം നിര്‍ത്താന്‍ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയും ചെയ്തു. സൈനികതല ചർച്ചക്കു ശേഷമാണ് വെടിനിർത്തൽ ധാരണയായതെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ വ്യക്തമാക്കിയത്.

Tags:    
News Summary - Pakistan PM says Trump has ended India-Pakistan conflict; salutes him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.