ഇസ്ലാമാബാദ്: ഇറാൻ- യു.എസ് നയതന്ത്ര ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, തങ്ങളുടെ വ്യോമ താവളത്തിൽ ഇറാൻ ജെറ്റുകൾക്ക് സംരക്ഷണമൊരുക്കിയതായി റിപ്പോർട്ട്. ഇറാനിനു നേരെ ഇസ്രായേലും യുഎസും നടത്തുന്ന ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇറാന്റെ ജെറ്റുകൾ നൂർ ഖാൻ എയർബേസിൽ പാർക്ക് ചെയ്യാൻ പാകിസ്താൻ അനുവാദം നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ആ വിമാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ തങ്ങളുടെ ചില സിവിലിയൻ വിമാനങ്ങൾ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലും പാർക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇറാൻ തങ്ങളുടെ പ്രധാന പ്രതിരോധ ആസ്തികളിൽ പലതും റാവൽപിണ്ടിക്ക് പുറത്തുള്ള നൂർ ഖാനിലെ പാകിസ്താൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറഞ്ഞു.
ഇറാനിയൻ എയർഫോഴ്സ് ആർ.സി 130, ലോക്ക്ഹീഡ് നിർമ്മിച്ച സി-130 ഹെർക്കുലീസ് എന്നിവ പാകിസ്താനിലേക്ക് മാറ്റിയതായും റിപ്പോർട്ട് പറയുന്നു.ഏപ്രിൽ ആദ്യം പ്രസിഡന്റ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നൂർ ഖാൻ ബേസിലേക്ക് വിമാനങ്ങൾ അയച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി സി.ബി.എസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ, ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇറാന്റെ ശേഷിക്കുന്ന ചില സൈനിക, വ്യോമയാന ആസ്തികൾ അഫ്ഗാനിസ്ഥാനിലേക്കും പാകിസ്താനിലേക്കും മാറ്റിയതെന്നാണ് വിവരം.ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥതക്ക് ശ്രമിക്കുന്ന ഇസ്ലാമാബാദിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടി യുഎസിന്റെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധത്തിന് കാരണമായി. മുതിർന്ന റിപ്പബ്ലിക്കൻ സെനറ്ററും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഖ്യകക്ഷിയുമായ ലിൻഡ്സെ ഗ്രഹാം ചർച്ചയിൽ പാകിസ്താന്റെ നയതന്ത്ര പങ്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു."ഈ റിപ്പോർട്ട് കൃത്യമാണെങ്കിൽ, ഇറാനും അമേരിക്കയും മറ്റ് കക്ഷികളും തമ്മിലുള്ള മധ്യസ്ഥതയിൽ പാകിസ്താൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് പുനരാലോചന ആവശ്യമാണ്," അദ്ദേഹം എക്സിൽ എഴുതി.
അതേസമയം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. മേഖലയിൽ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ് മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾക്ക് മറുപടിയായി ഇറാൻ ഉയർത്തിയ ഉപാധികൾ അസ്വീകാര്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. തങ്ങൾക്കുമേൽ യു.എസ് അനാവശ്യ ഉപാധികൾ വെക്കുകയാണെന്ന് ട്രംപിന് ഇറാനും മറുപടി നൽകി.
നിലവിൽ ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എണ്ണക്കപ്പൽ ഗതാഗതത്തിൽ നിർണായകമായ ഹുർമുസ് സംഘർഷ നിഴലിലാണ്. ഉപാധികൾ പരസ്പരം റദ്ദാക്കിയതായി പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യ ഒരിക്കൽക്കൂടി യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പ്രസ്താവനക്കുപിന്നാലെ, എണ്ണ വിലയും കുതിച്ചുയർന്നു. യു.എസ് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ മറുപടി നൽകിയത്. 'ഇറാന്റെ പ്രതിനിധികൾ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം വായിച്ചു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല - തികച്ചും അസ്വീകാര്യമാണ്' - സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രംപ് കുറിച്ചു. വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.