‘പ്രാർഥനക്കിടെ ഇന്ത്യയിൽപോലും ആരാധന നടത്തുന്നവർ കൊല്ലപ്പെട്ടിട്ടില്ല, പക്ഷേ...’; പെഷാവർ ചാവേർ സ്ഫോടനത്തിൽ പാക് പ്രതിരോധ മന്ത്രി

ഇന്ത്യയിൽ പോലും പ്രാർഥനക്കിടെ ആരാധന നടത്തുന്നവർ കൊല്ലപ്പെട്ടിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പെഷാവർ പള്ളിയിലെ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയതെന്ന് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ‘ഇന്ത്യയിലോ, ഇസ്രായേലിലോ പോലും പ്രാർഥനക്കിടെ ആരാധന നടത്തുന്നവർ കൊല്ലപ്പെട്ടിട്ടില്ല, പക്ഷേ അത് പാകിസ്താനിൽ സംഭവിച്ചു’ -ദേശീയ അസംബ്ലിയിൽ ഖ്വാജ പറഞ്ഞു.

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത മന്ത്രി, പാകിസ്താന് കാര്യങ്ങൾ നേരെയാക്കാനുള്ള സമയമായെന്നും അഭിപ്രായപ്പെട്ടു. 2010-2017 കാലയളവിലെ തീവ്രവാദങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു. ഈ യുദ്ധം പി.പി.പിയുടെ (പാകിസ്താൻ പീപ്പിൾസ് പാർട്ടി) കാലത്ത് സ്വാത്തിൽനിന്നാണ് ആരംഭിച്ചത്, പി.‌എം‌.എൽ-എന്നിന്റെ (പാകിസ്താൻ മുസ്ലിം ലീഗ് -എൻ) ഭരണകാലത്ത് ഇത് അവസാനിച്ചു, കറാച്ചി മുതൽ സ്വാത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു.

എന്നാൽ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും, ഇതേ ഹാളിൽ വെച്ച് രണ്ടു വർഷം മുമ്പ് ഞങ്ങൾ രണ്ടോ, മൂന്നോ തവണ വ്യക്തമാക്കിയതാണ്, അന്ന് ഈ ആളുകൾക്കെതിരെ ചർച്ചകൾ നടത്താമെന്ന് വിശദമായി പ്രസ്താവിച്ചിരുന്നു. അവരെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു. അതീവ സുരക്ഷയുള്ള പ്രദേശത്തെ പള്ളിയിലാണ് ആക്രമണമുണ്ടായതെന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

നിരോധിത സംഘടന ‘തഹ്‍രീകെ താലിബാൻ പാകിസ്താൻ’ (ടി.ടി.പി) ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. ചാവേർ പ്രാർഥനക്കായി മുൻനിരയിൽതന്നെ ഇരുന്നതായാണ് പൊലീസ് പറയുന്നത്. പള്ളി ഇമാമും കൊല്ലപ്പെട്ടവരിൽപെടും. ചാവേറിന്റേതെന്നു കരുതുന്ന തല കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 200 പേരെ ആശുപത്രിയിലെത്തിച്ചതിൽ നൂറോളം പേർ ചികിത്സക്കുശേഷം മടങ്ങി. മരിച്ചവരിൽ നിരവധി പൊലീസുകാരുണ്ടെന്നാണ് വിവരം. പൊലീസ് മേഖലയിലുള്ള പള്ളിയിൽ 400 പൊലീസുകാർ വരെ പ്രാർഥനക്കെത്താറുള്ളതായി പെഷാവർ സിറ്റി പൊലീസ് ഓഫിസർ ഇജാസ് ഖാൻ പറഞ്ഞു.

സുരക്ഷാവീഴ്ച സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് അലവി, പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവർ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു.

Tags:    
News Summary - Pakistan Defence Minister on Peshawar mosque bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.