പാകിസ്താനെ പുകഴ്ത്തി അമേരിക്കൻ സൈനിക മേധാവി: ‘ഭീകരവിരുദ്ധ ലോകത്തിലെ മികച്ച പങ്കാളി, ഡസൻ കണക്കിന് ഐസിസ് നേതാക്കളെ പാകിസ്താൻ കൊലപ്പെടുത്തി’

വാഷിങ്ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്താൻ തങ്ങളുടെ മികച്ച പങ്കാളിയാണെന്ന് അമേരിക്കൻ സൈനിക കമാൻഡർ ജനറൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ്) മൈക്കൽ കൂറില്ല. ഐസിസ് ഖുറാസാനെ തകർക്കാൻ പാകിസ്താൻ സ്വീകരിച്ച സൈനിക നീക്കങ്ങളെ സെനറ്റ് ആംഡ് സർവിസസ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ കമാൻഡർ ജനറൽ പ്രശംസിക്കുകയും പാകിസ്താനുമായും ഇന്ത്യയുമായും യു.എസ് ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് പാകിസ്താനെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യ നയതന്ത്ര നീക്കം നടത്തുന്ന സമയത്താണ് അവരെ പുകഴ്ത്തി അമേരിക്കൻ സൈനിക മേധാവിയുടെ സാക്ഷ്യപത്രം. പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂരിനും ശേഷം പാകിസ്താനെ അപലപിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും ഇന്ത്യൻ പ്രതിനിധി സംഘത്തെ ലോകമെമ്പാടും അയച്ചിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് അമേരിക്ക സന്ദർശിച്ച് ഇന്ത്യൻ നിലപാട് ബോധ്യപ്പെടുത്തിയത്. എന്നാൽ, ഇവർ ഇന്ത്യയിൽ മടങ്ങിയെത്തിയതിന് പിന്നാലെ പാകിസ്താന് പൂർണ പിന്തുണയുമായി യു.എസ് സൈനിക മേധാവി സെനറ്റ് ആംഡ് സർവിസസ് കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് സമർപിച്ചത് വൻ തിരിച്ചടിയായി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ച് മൈക്കൽ കൂറില്ല സെനറ്റ് കമ്മിറ്റിയിൽ സംസാരിച്ചത്.  ഇന്ത്യയുമായുള്ള ബന്ധം പാകിസ്താനുമായുള്ള ബന്ധത്തിന് തടസ്സമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പാകിസ്താനുമായും ഇന്ത്യയുമായും ബന്ധം തുടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എസിനെതിരെ ഉൾപ്പെടെ ലോകമെമ്പാടും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന ഏറ്റവും സജീവമായ തീവ്രവാദ സംഘടനകളിൽ ഒന്നാണ് ഐസിസ് കെ എന്നും ഐസിസ് ഖുറാസാനെതിരായ പോരാട്ടം പാകിസ്താൻ തുടരുന്നതായും മൈക്കൽ കൂറില്ല പറഞ്ഞു. പാകിസ്താൻ പങ്കാളിത്തത്തിലൂടെ ഡസൻ കണക്കിന് ഐസിസ്-കെ നേതാക്കളെ കൊല്ലപ്പെടുത്തിയെന്നും 2021ലെ കാബൂൾ ആബി ഗേറ്റ് ബോംബാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മുഹമ്മദ് ഷരീഫുല്ല ജാഫർ ഉൾപ്പെടെ അഞ്ച് ഉന്നതരെ പിടികൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മുഹമ്മദ് ഷരീഫുല്ല ജാഫറിനെ പിടികൂടിയ ഉടൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ആദ്യം വിളിച്ചത് എന്നെയായിരുന്നു, താൻ അയാളെ (മുഹമ്മദ് ഷരീഫുല്ല ജാഫറിനെ) പിടികൂടി എന്ന് അസിം മുനീർ പറഞ്ഞു. അയാളെ അമേരിക്കക്ക് കൈമാറാൻ ഞാൻ തയ്യാറാണെന്നും ഇക്കാര്യം പ്രതിരോധ സെക്രട്ടറിയോടും പ്രസിഡന്റിനോടും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ അവരുടെ അതിർത്തി പ്രദേശങ്ങളിൽ ഐസിസ്-കെയെ വേട്ടയാടുന്നത് തുടരുകയാണ്. 13 അമേരിക്കക്കാരു​ടെ ജീവൻ അപഹരിച്ച ആബി ഗേറ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ നിരവധി നേതാക്കളെ കൊല്ലാനും പിടികൂടാനുമായി ഡസൻ കണക്കിന് ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. ’ -മൈക്കൽ കൂറില്ല പറഞ്ഞു. 


Full View


Tags:    
News Summary - Pakistan a ‘Phenomenal Partner’ in Counterterrorism, Says US Centcom Chief; Urges Strong Ties With Both India, Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.