ഇംറാൻ ഖാന്റെ വസതിയിൽ പൊലീസ്; ഏത് നിയമപ്രകാരമാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് ഇംറാൻ

ലാഹോർ: തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാൻ ഇസ്‍ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ലാഹോർ സമാൻ പാർക്കിലെ വസതിയിൽ പൊലീസ് റെയ്ഡ്. ബാരിക്കേഡുകൾ തകർത്താണ് പൊലീസ് അകത്തുകയറിയതെന്നും വീട്ടിൽ ഭാര്യ ബുഷ്റ ബീഗം മാത്രമാണുണ്ടായിരുന്നതെന്നും ഇംറാൻ ആരോപിച്ചു.

ഇംറാന്റെ വസതിയിൽനിന്ന് പെട്രോൾ ബോംബ് ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പഞ്ചാബ് പൊലീസിലെ 10000ത്തോളം സായുധ അംഗങ്ങളാണ് സമാൻ പാർക്കിലെ വസതിയിലെത്തിയത്. പി.ടി.ഐ പ്രവർത്തകരും പൊലീസും വീടിന് പുറത്ത് ഏറ്റുമുട്ടി. പത്തുപ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. 61 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വസതിക്കുമുന്നിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ വിഡിയോ പാർട്ടി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം തടയാനുറച്ചാണ് പാർട്ടി പ്രവർത്തകർ. തോഷഖാന കേസിൽ നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം.

ഏത് നിയമപ്രകാരമാണ് വീട്ടിൽ അതിക്രമിച്ചുകയറിയതെന്ന് ഇംറാൻ ചോദിച്ചു. ഇതെല്ലാം ഓടിപ്പോയ നവാസ് ശരീഫിനെ അധികാരത്തിലെത്തിക്കാനുള്ള ലണ്ടൻ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷഖാന എന്ന ട്രഷറിയിൽ സൂക്ഷിച്ച വിലകൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയതുവഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്. ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തോഷഖാന) നൽകണമെന്നാണ് പാക് നിയമം.

കോടതി വളപ്പിലും സംഘർഷം; വാദംകേൾക്കൽ നടന്നില്ല

ഇസ്‍ലാമാബാദ്: കോടതി സമുച്ചയത്തിൽ പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഇംറാൻ ഖാനെതിരായ തോഷഖാന കേസിൽ വാദം കേൾക്കൽ നടന്നില്ല. സംഘർഷം കാരണം ഇംറാന് ജഡ്ജിക്ക് മുന്നിൽ എത്താൻ കഴിഞ്ഞില്ല. വാദം കേൾക്കൽ 30ലേക്ക് മാറ്റിയ കോടതി ഇംറാനെതിരായ അറസ്റ്റ് വാറന്റ് റദ്ദാക്കി.

Tags:    
News Summary - Pak Police Break Into Imran Khan's Home Hours After He Leaves For Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.