ഇസ്ലാമാബാദ്: ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ സേനകൾക്കിടയിൽ കൂടുതൽ ഏകോപനവും ഏകീകൃത കമാൻഡും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭരണഘടന ഭേദഗതിക്ക് പാകിസ്താൻ. സായുധ സേന ഉൾപ്പെടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 243-ാം അനുച്ഛേദത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിക്കുന്ന 27-ാം ഭരണഘടനാ ഭേദഗതി ബിൽ ശനിയാഴ്ച പാക് പാർലമെന്റിൽ അവതരിപ്പിച്ചു.
സംയുക്ത കമാന്‍ഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങള്‍ക്കും ഇടയില്‍ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി ‘കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്‌സസ്’ എന്ന പദവി അവതരിപ്പിക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബില്ലനുസരിച്ച്, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി കരസേനാ മേധാവിയെയും പ്രതിരോധ സേനാ മേധാവിയെയും നിയമിക്കും.
പ്രതിരോധ സേനാ മേധാവി കൂടിയായ കരസേനാ മേധാവി, പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് കമാൻഡിന്റെ തലവനെ നിയമിക്കും. പാകിസ്താന്റെ സൈനിക മേധാവി അസിം മുനീര്‍ നവംബര്‍ 28-ന് വിരമിക്കാനിരിക്കുകയാണ്. മെയിൽ ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയിരുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്സസ് തസ്തികയിലേക്ക് അസിംമുനീറിന് പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദീർഘകാലമായി സൈന്യം പാകിസ്താനിലെ നിർണായക അധികാര കേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാജ്യത്തെ രാഷ്ട്രീയ-സൈനീക നേതൃത്വങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാവുന്നതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഭരണഘടന ഭേദഗതിയടക്കം സംഭവവികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്താനുമായി സംഘർഷം ആളിക്കത്തിക്കുന്നത് പാക് സൈന്യമാണെന്ന് കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടം ആരോപിച്ചിരുന്നു.
മെയ് മാസത്തില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തില്‍ നിന്ന് പഠിച്ച ‘പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്’ പ്രതിരോധ രംഗത്തെ ഈ പുതിയ പരിഷ്‌കാരങ്ങള്‍ എന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുന്ന ഈ മാറ്റം, സൈനിക മേധാവി അസിം മുനീറിന് സാധാരണ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ ഭേദഗതിയനുസരിച്ച് സായുധ സേനയിലെ വ്യക്തികൾക്ക് ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്‌സ്, അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സർക്കാരിന് കഴിയും. ഫീൽഡ് മാർഷലിന്റെ റാങ്കും ആനുകൂല്യങ്ങളും ആജീവനാന്തമായിരിക്കും, അതായത്, ഫീൽഡ് മാർഷലുകൾ ആജീവനാന്തം ഫീൽഡ് മാർഷലുകളായി തുടരും. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം 2025 നവംബർ 27 ന് അവസാനിക്കുമെന്നും ബില്ലിൽ പറയുന്നു.
ഇതിന് പുറമെ, ഒരു ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കാനും, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്താനും, പ്രവിശ്യാ മന്ത്രിസഭകളുടെ പരിധി മാറ്റാനും ബില്ലിൽ നിർദ്ദേശമുണ്ട്. മന്ത്രിസഭ അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷം നിയമമന്ത്രി അസം നസീർ തരാർ ഉപരിസഭയായ സെനറ്റിലും ബിൽ അവതരിപ്പിച്ചു.
സെനറ്റിൽ നടപടികൾ പൂർത്തിയാക്കിയ ബിൽ അനുബന്ധ നടപടികൾക്കായി ചെയർമാൻ യൂസഫ് റാസ ഗിലാനി നിയമ-നീതി സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് അയച്ചു. വിശദമായ അവലോകനത്തിനും പരിഗണനയ്ക്കുമായി രണ്ട് കമ്മിറ്റികൾക്കും സംയുക്ത യോഗങ്ങൾ നടത്താമെന്നും റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുമെന്നും ഗിലാനി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുമ്പോൾ ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് നേതാവ് അലി സഫർ പറഞ്ഞു. ബിൽ പാസാക്കാൻ സർക്കാരും സഖ്യകക്ഷികളും അനാവശ്യ തിടുക്കം കാണിക്കുകയാണ്. പ്രതിപക്ഷത്തിന് കരട് ശനിയാഴ്ചയാണ് ലഭിച്ചത്. അതിലെ ഒരു വാക്ക് പോലും ഇതുവരെ വായിച്ചിട്ടില്ലെന്നും പി.ടി.ഐ നേതാവ് പറഞ്ഞു.
മെയ് 28ന്, കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനാവിഭാഗങ്ങള്‍ക്കിടയില്‍ ഫലപ്രദമായ കമാന്‍ഡ്, നിയന്ത്രണം, ഇന്റര്‍-സര്‍വീസസ് ഓര്‍ഗനൈസേഷനുകളുടെ (ഐ.എസ്.ഒ) കാര്യക്ഷമമായ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സംയുക്ത കമാന്‍ഡിനുള്ള പുതിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ക്കിടയിലായിരുന്നു ഈ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.