ബെയ്ജിങ്: കോവിഡ് വ്യാപനം കാരണം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളെ തുടർന്ന് ചൈനയിലെ ദ്വീപ് നഗരമായ സാന്യയിൽ കഴിഞ്ഞയാഴ്ച പെട്ടുപോയത് 80,000 വിനോദസഞ്ചാരികളെന്ന് റിപ്പോർട്ട്. ചൈനയുടെ ഹവായി എന്നറിയപ്പെടുന്ന ഹൈനൻ ദ്വീപിലെ പട്ടണമായ സാന്യയിലാണ് സഞ്ചാരികൾ കുടുങ്ങിയത്. ഞായറാഴ്ച 483 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ചൈനയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് സാന്യ.
കോവിഡ് നിരക്ക് ഉയർന്നതിനെ തുടർന്ന് നഗരത്തിൽ നിന്നുള്ള എല്ലാ വിമാന സർവിസുകളും റദ്ദാക്കി. കൂടാതെ സാന്യ വിട്ടുപോകണമെങ്കിൽ വിനോദസഞ്ചാരികൾ പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും അധികൃതർ അറിയിച്ചു.
യാത്ര വിലക്ക് മാറുന്നത് വരെ ഇവർ കർശനമായി സാന്യയിൽ തുടരണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. താമസ സൗകര്യത്തിനായി ഹോട്ടലുകളിൽ അമ്പത് ശതമാനം ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. സാന്യയിൽ വിനോദസഞ്ചാരം വർധിച്ച് നിന്ന സാഹചര്യത്തിലാണ് കോവിഡ് നിരക്കിൽ വർധനവുണ്ടായത്.
കോവിഡ് വ്യാപിച്ചതിനെ തുടർന്ന് 2020 മുതൽ തന്നെ ചൈന അന്താരാഷ്ട്ര വിനോദ സഞ്ചാരം നിർത്തലാക്കിയിരുന്നു. ഇപ്പോഴും പ്രധാന അതിർത്തികളൊന്നും വിനേദസഞ്ചാരികൾക്കായി തുറന്നുനൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.