ഗസ്സ: ഗസ്സയിലെ കുട്ടികൾ നേരിടുന്ന അതിതീവ്രമായ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടി പ്രശസ്ത ഫലസ്തീനിയൻ എഴുത്തുകാരനും പുലിറ്റ്‌സർ ജേതാവുമായ മുസ്അബ് അബു തൂഹ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്. ഗസ്സയിലെ അംഗഭംഗം വന്ന കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പിനെക്കുറിച്ചുള്ള വിവരണത്തിനിടെയാണ് ഇസ്രായേൽ വംശഹത്യ കുട്ടികളിൽ വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് അദ്ദേഹം എഴുതിയത്.
‘2023 ഒക്ടോബറിന് ശേഷം 1,500ലധികം കുട്ടികൾക്കാണ് അംഗഭംഗം സംഭവിച്ചത്. ഇസ്രായേലിന്റെ ഈ ക്രൂരതക്ക് ലോകരാജ്യങ്ങൾ കൂട്ടുനിന്നു. പലരും മൗനം പാലിക്കുകയും ഇതിനെ ന്യായീകരിക്കുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ഞാൻ പറഞ്ഞതുപോലെ, ഞങ്ങളുടെ കുട്ടികളുടെ മുഖത്തെ മുറിവുകൾ നിങ്ങളെ തേടിയെത്തും. അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും’- മുസ്അബ് കുറിച്ചു.
'ഫോറസ്റ്റ് ഓഫ് നോയിസ്', 'തിങ്‌സ് യു മേ ഫൈൻഡ് ഹിഡൻ ഇൻ മൈ ഇയർ' തുടങ്ങിയ കൃതികളിലൂടെ ലോകശ്രദ്ധ നേടിയ മുസ്അബ് അബു തൂഹ ഗസ്സയിലെ എഡ്വേർഡ് സൈദ് ലൈബ്രറിയുടെ സ്ഥാപകൻ കൂടിയാണ്. ഗസ്സയിലെ യുദ്ധക്കെടുതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾക്ക് 2025ൽ പുലിറ്റ്സർ പുരസ്കാരവും ലഭിച്ചിരുന്നു.
2023 നവംബറിൽ കുടുംബത്തോടൊപ്പം ഈജിപ്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ തടങ്കലിൽ വെച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കപ്പെട്ട അദ്ദേഹം, പിന്നീട് ഗസ്സയിലെ ദുരിതങ്ങൾ ലോകത്തിന് മുന്നിൽ വിളിച്ചുപറയുന്ന ഒരു ശബ്ദമായി മാറുകയായിരുന്നു.
യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് 1,500-ലധികം കുട്ടികൾക്കാണ് അംഗഭംഗം സംഭവിച്ചത്. ആവശ്യമായ ചികിത്സയോ പ്രോസ്‌തെറ്റിക് സൗകര്യങ്ങളോ ഇല്ലാതെ ഈ കുട്ടികൾ ഇന്നും ദുരിതപൂർണമായ ജീവിതം നയിക്കുകയാണ്. ഗസ്സയിലെ കുട്ടികൾ നേരിടുന്ന ഭയാനകമായ അവസ്ഥകളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവെക്കുന്നത്. ഒക്ടോബർ 2023ന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാതൃ-ശിശു പരിചരണ കേന്ദ്രങ്ങൾ മനപൂർവ്വം ലക്ഷ്യമിടുന്നത് ഫലസ്തീനികളുടെ വരുംതലമുറയെ തന്നെ ഇല്ലാതാക്കാനാണെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഗർഭഛിദ്രങ്ങൾക്കും ജന്മനാ വൈകല്യങ്ങൾക്കും കാരണമാകുന്നു. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം മൂലം മാനുഷിക സഹായം ലഭിക്കാതെ നിരവധി കുട്ടികൾ പട്ടിണി മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ ലഭിക്കാത്തത് പകർച്ചവ്യാധികളുടെ വ്യാപനത്തിന് വഴിയൊരുക്കി.
ഇസ്രായേലിന്റെ ഈ നടപടികൾ വംശഹത്യയിലേക്കും യുദ്ധക്കുറ്റങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്ന് യു.എൻ കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ലോകത്തിന്റെ കൺമുന്നിൽ ഒരു ബാല്യം മുഴുവൻ ഇല്ലാതാക്കപ്പെടുമ്പോഴും ഫലസ്തീനിയൻ കുട്ടികളുടെ നിശ്ചയദാർഢ്യം ഇന്നും അതിജീവനത്തിനായി പോരാടുന്നുവെന്നതാണ് മസ്അബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.