ഗോമ: കോംഗോയിലെ ഗോമ നഗരത്തിൽ കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെ 160ലേറെ വനിതാ തടവുകാരെ സഹതടവുകാരായ പുരുഷൻമാർ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊന്നു. കഴിഞ്ഞ തിങ്കളാഴ്ച റുവാണ്ട പിന്തുണയുള്ള എം 23 വിമത സായുധസംഘം നടത്തിയ ആക്രമണത്തിനിടെയാണ് സംഭവമെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു.
സായുധസംഘം നഗരത്തിൽ ആക്രമണം നടത്തിയപ്പോഴാണ് ഗോമയിലെ മുൻസെൻസെ ജയിലിൽനിന്ന് കൂട്ടത്തോടെ തടവുചാടിയത്. ഇതിനിടെ 167ഓളം സ്ത്രീകളെ പുരുഷ തടവുകാർ ലൈംഗികമായി പീഡിപ്പിച്ചതായി യു.എൻ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
10 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗോമയിൽ എം23 വിമതരുടെ ആക്രമണത്തിൽ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടു. ഇതിൽ 2,000 മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നും 900 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിലാണെന്നും യു.എൻ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 4,000 തടവുകാർ കഴിയുന്ന ജയിലിൽനിന്നാണ് സംഘർഷത്തിനിടെ തടവുകാർ രക്ഷപ്പെട്ടതെന്ന് ഗോമയിലെ യുഎൻ സമാധാന സേന ഡെപ്യൂട്ടി ചീഫ് വിവിയൻ വാൻ ഡി പെറെ സ്ഥിരീകരിച്ചു. “സ്ത്രീ തടവുകാരെയെല്ലാം ബലാത്സംഗം ചെയ്തു. തുടർന്ന് വനിതകളെ പാർപ്പിച്ച കെട്ടിടങ്ങൾക്ക് തീയിട്ടു. അവരെല്ലാം കൊല്ലപ്പെട്ടു” -വാൻ ഡി പെറെ ‘ദി ഗാർഡിയ’നോട് പറഞ്ഞു. തടവുകാർ ഓടിപ്പോകുന്നതും കനത്ത വെടിവപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. രക്ഷപ്പെട്ട തടവുകാർ ഗോമയിലെ തെരുവുകളിലൂടെ മാർച്ച് ചെയ്യുന്നതും വിഡിയോകളിലുണ്ട്.
ഗോമയിലെ സായുധ സംഘങ്ങൾ എതിരാളികൾക്ക് നേരെ ലൈംഗികാതിക്രമം യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ (OHCHR) ഓഫിസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗോമയിൽ ശുദ്ധജല വിതരണം നിലച്ചതും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ തന്നെ തുടരുന്നതും ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. ഇത് കോളറ അടക്കമുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) തലവൻ സ്റ്റീഫൻ ഗോട്ട്ഗ്ബർ ബി.ബി.സിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.