ഡാളസ്: ഡാളസ് എയർ ഷോക്കിടെ വിന്റേജ് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 1.20ഓടെയാണ് ബി-17 ബോംബർ- പി-63 കിങ് കോബ്ര വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു.
നഗരത്തിന്റെ ഡൗൺടൗണിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള ഡാളസ് എക്സിക്യൂട്ടിവ് എയർപോർട്ട് പരിധിക്കകത്ത് പുൽമേടുള്ള സ്ഥലത്താണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ, ഓരോ വിമാനത്തിലും എത്ര പേർ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടില്ല.
ബി-17 ബോംബർ വിമാനത്തിൽ സാധാരണ നാലോ അഞ്ചോ പേരാണ് ഉണ്ടാവുകയെന്നും പി-63 കിങ് കോബ്ര പോർവിമാനത്തിൽ ഒരു പൈലറ്റാണുള്ളതെന്നും എയർ ഷോ സംഘടിപ്പിച്ച കമ്പനിയുടെ പ്രസിഡന്റ് ഹാങ്ക് കോട്ട്സ് പറഞ്ഞു. യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകയുദ്ധ കാലത്ത് ജർമനിക്കെതിരായ പോരാട്ടത്തിൽ യു.എസ് വ്യോമസേനയുടെ കരുത്തായിരുന്നു നാല് എൻജിനുള്ള ബി-17 ബോംബർ വിമാനം. യു.എസ് പോർവിമാനമായ കിങ് കോബ്ര സോവിയറ്റ് സൈന്യം രണ്ടാം ലോകയുദ്ധത്തിൽ കൂടുതലായി ഉപയോഗിച്ചിരുന്നു.. മ്യൂസിയങ്ങളിലും എയർ ഷോകളിലും വിരലിലെണ്ണാവുന്നവ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ബോയിങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.