ന്യൂയോർക്ക്: നാളെ നടക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനിയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസകളും അറിയിച്ച് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഉപദേഷ്ടാവായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ഒബാമ വാഗ്ദാനം ചെയ്തു.
തന്റെ പ്രധാന എതിരാളിയായ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോക്കും റിപ്പബ്ലിക്കൻ നോമിനിയായ കർട്ടിസ് സ്ലീവക്കും എതിരായ മംദാനിയുടെ പ്രചാരണ മിടുക്കിനെയും ഒബാമ പ്രശംസിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്ക് നഗരത്തിലേക്ക് പുതിയ രാഷ്ട്രീയം കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോണിൽ ഇരുവരും സംസാരിച്ചുവെന്നും മംദാനിയെ ഒബാമ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തിന്റെ വക്താവ് ഡോറ പെകെക്കും പറഞ്ഞു. മംദാനിയുടെ പ്രചാരണത്തെ കുറിച്ച് പറയുമ്പോൾ മുൻകാലത്ത് സ്വന്തമായി നടത്തിയ രാഷ്ട്രീയ തെറ്റുകളെകുറിച്ചും ഹാസ്യരൂപേണ ഒബാമ കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ ഇരുവരും കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഡെമോക്രാറ്റുകളോട് ഒബാമ ആഹ്വാനം ചെയ്തിരുന്നു. ട്രംപിന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയില്‍ നടക്കുന്നതെല്ലാം അധാര്‍മികവും നിയമലംഘനവുമാണെന്നും ഒബാമ പറഞ്ഞിരുന്നു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.എസില്‍ ശനിയാഴ്ച നടന്ന പ്രചരണ റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാഥികളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിനും മിക്കി ഷെറിലിനും വേണ്ടിയാണ് ഒബാമ പ്രചരണത്തിനിറങ്ങിയത്.
ഉഗാണ്ടയിൽ ജനിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി, പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രൈമറിയിൽ ക്യൂമോയും സ്ലിവയും നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി മുന്നിട്ടു നിൽക്കുന്നു. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് ഗവർണർ സ്ഥാനം രാജിവച്ച ക്യൂമോ, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനിയോട് പരാജയപ്പെട്ടതിനെത്തുടർന്ന് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ജൂൺ 24ന് പ്രൈമറിയിൽ മികച്ച വിജയം നേടിയ മംദാനി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.