പുടിനെ പരാജയപ്പെടുത്തണോ; മാംസാഹാരം കുറച്ചോളൂ എന്ന് ജർമൻ മന്ത്രി

യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചിട്ട് 26 ദിവസങ്ങൾ ആകുന്നു. ഇനിയും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട​ത്ര ഇടപെടലുകൾ ഉണ്ടായിട്ടില്ല. ലോകരാജ്യങ്ങൾ ആത്മാർത്ഥമായി വിഷയത്തിൽ ഇടപെട്ടിട്ടുമില്ല. ഇതിനിടെ റഷ്യയെയും പ്രസിഡന്റ് വ്ലാദിമിർ പുടിനെയും തറപറ്റിക്കാൻ പുതിയ തന്ത്രം പയറ്റാൻ ആവശ്യ​പ്പെട്ടിരിക്കുകയാണ് ജർമൻ മന്ത്രി.

റഷ്യക്കെതിരായ പോരാട്ടത്തിന് സംഭാവന നൽകുന്നതിനായി ജർമൻകാർ മാംസം കഴിക്കുന്നത് കുറക്കണമെന്നും ഭക്ഷണം പാഴാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജർമൻ കൃഷി മന്ത്രി സെം ഒസ്ദമര്‍ ആവശ്യപ്പെട്ടു. സസ്യാഹാരിയാണ് സെം. റഷ്യ ഭക്ഷ്യവിതരണത്തെ ആയുധമായി ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സ്പീഗല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ അഭ്യര്‍ഥന. റഷ്യ അതിന്‍റെ ഭക്ഷ്യ കയറ്റുമതി ശക്തി ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഞാൻ ഒരു സസ്യാഹാരിയാണെങ്കിലും എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന് ഞാൻ പറയില്ല. എന്നാല്‍ മാംസം കഴിക്കുന്നത് കുറക്കുക. പുടിനെതിരായ ഒരു സംഭാവനയായിരിക്കുമത്' -ഒസ്ദമര്‍ പറഞ്ഞു. യൂറോപ്യൻ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഊർജത്തിന്‍റെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലെ വർധനവ് മൂലം ഉപഭോക്താക്കൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മാർച്ച് 16ന് യൂറോപ്യൻ യൂണിയനിലെ റഷ്യൻ പ്രതിനിധി വ്ലാദിമിർ ചിസോവ് പറഞ്ഞിരുന്നു. സെം പറഞ്ഞത് സത്യത്തിന്റെ ഒരംശമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Now, Germans told to eat less meat to ‘fight Putin’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.