സോൾ: ആണവ നിരായുധീകരണത്തിനു നിർബന്ധിക്കില്ലെങ്കിൽ യു.എസുമായുള്ള ചർച്ചകൾക്ക് തയാറാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു കിം. ആണവനിരായുധീകരണമെന്ന പിടിവാശി അമേരിക്ക ഉപേക്ഷിക്കുകയും സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അമേരിക്കയുമായുള്ള ചർച്ചക്ക് തയാറാണെന്ന് തന്റെ പ്രസംഗത്തിൽ കിം പറഞ്ഞു. ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നല്ല ഓർമകൾ തനിക്കുണ്ടെന്നും സുപ്രീം പീപ്പിൾസ് അസംബ്ലി യോഗത്തിൽ കിം പറഞ്ഞു. ട്രംപിന്റെ മുൻ ഭരണകാലത്ത് ഇരു രാജ്യങ്ങളും മൂന്നുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച് നടത്താൻ ആഗ്രഹമുണ്ടെന്ന് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് താൽപര്യമറിയിച്ച് കിം രംഗത്ത് വന്നത്.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപും ദക്ഷിണ കൊറിയൻ നേതാവ് ലീ ജെ-മ്യൂങ്ങും കിമ്മിനെ കാണാൻ സന്നദ്ധത പ്രകടിപ്പിച്ചത്. മുമ്പ് നടന്ന കൂടിക്കാഴ്ചയിലൂടെ തങ്ങൾക്ക് സമാധാനം നിലനിർത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം തനിക്ക് കിമ്മിനെ കാണാൻ സാധിക്കുമെന്നാണ് കരുതുന്നത്. അത്തരമൊരു കൂടിക്കാഴ്ച താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മൂന്ന് തലമുറയായി ഉത്തര കൊറിയ ഭരിക്കുന്ന കിമ്മിന്‍റെ കുടുംബത്തെ തനിക്ക് നന്നായി അറിയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ പ്രതിവർഷം 15 മുതൽ 20 വരെ ആണവായുധങ്ങൾ ഉത്തര കൊറിയയുടെ ആയുധശേഖരത്തിൽ കൂട്ടിച്ചേർക്കുന്നുണ്ടെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.