ജോയൽ മൊകീർ, ഫിലിപ്പ് അഖിയോൺ, പീറ്റർ ഹൊവിറ്റ്
സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ജോയൽ മൊകീർ, ഫിലിപ്പ് അഖിയോൺ, പീറ്റർ ഹൊവിറ്റ് എന്നിവർക്ക്. നൂതനാശയങ്ങളിലൂന്നിയ സാമ്പത്തിക വളർച്ചയെ പരിചയപ്പെടുത്തിയതിനാണ് പുരസ്കാരം. ഏകദേശം 10.63 കോടി രൂപയുടെ സമ്മാനത്തുകയിൽ പകുതി മൊകിറിന് ലഭിക്കും. മറ്റ് രണ്ടുപേരും ശേഷിക്കുന്ന തുക പങ്കിടും.
യു.എസിലെ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ് മോകീർ. പാരീസിലെ കോളജ് ഡി ഫ്രാൻസിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രഫസറാണ് അഖിയോൺ. യു.എസിലെ ബ്രൗൺ യൂനിവേഴ്സിറ്റിയിൽ പ്രഫസറാണ് ഹൊവിറ്റ്.
പുത്തൻ സാങ്കേതിക വിദ്യകളിലൂടെ സുസ്ഥിര വളർച്ചക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്താൻ ചരിത്രപരമായ നിരീക്ഷണങ്ങൾ ജോയൽ മൊകീർ നടത്തിയെന്ന് നൊബേൽ കമ്മിറ്റി അംഗമായ ജോൺ ഹാസ്ലെർ പറഞ്ഞു. സുസ്ഥിര വളർച്ചയെ നിസ്സാരമായി കാണാനാവില്ലെന്ന് പുരസ്‌കാര ജേതാക്കൾ പഠിപ്പിച്ചുവെന്ന് സമിതി വിലയിരുത്തി. വളർച്ചയല്ല, സാമ്പത്തിക സ്തംഭനമാണ് മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം ഘട്ടങ്ങളിലും സാധാരണമായി കാണുന്നത്. തുടർച്ചയായ വളർച്ചക്കുള്ള ഭീഷണികളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും അവയെ ചെറുക്കുകയും ചെയ്യണമെന്ന് ഇവരുടെ പ്രവർത്തനങ്ങൾ കാണിക്കുന്നുവെന്നും സമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.