നേപ്പാളിൽ ഇനി മാസശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചയിലൊരിക്കൽ ശമ്പളം നൽകാൻ തീരുമാനം

കാഠ്മണ്ഡു: ജീവനക്കാരുടെ ശമ്പള വിതരണ രീതിയിൽ വിപ്ലവകരമായ മാറ്റവുമായി നേപ്പാൾ സർക്കാർ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രതിമാസ ശമ്പള രീതി ഒഴിവാക്കി, ഇനി മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും ശമ്പളം നൽകാനാണ് സർക്കാർ തീരുമാനം. 

പുതിയ പരിഷ്കാരം അനുസരിച്ച് സർക്കാർ ജീവനക്കാരുടെ മാസശമ്പളവും മറ്റ് അലവൻസുകളും രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കും. മാസത്തിന്റെ പകുതി എത്തുമ്പോൾ ആദ്യ ഗഡുവും മാസം അവസാനിക്കുമ്പോൾ ബാക്കി തുകയും ജീവനക്കാരുടെ അക്കൗണ്ടിലെത്തും. സിവിൽ സർവിസ് ഉദ്യോഗസ്ഥർ, നേപ്പാൾ സൈന്യം, പോലിസ്, സായുധ പോലിസ് സേന എന്നിവ അടക്കമുളള സർക്കാർ ജീവനക്കാർക്കും  ഈ പുതിയ നിയമം ബാധകമായിരിക്കും.

വിപണിയിൽ പണലഭ്യത വർധിപ്പിക്കുക വഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ജീവനക്കാർക്ക് അവരുടെ നിത്യചെലവുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കടബാധ്യതകൾ കുറക്കാനും സാധിക്കും. 

മാസാവസാനം ചെലവുകൾക്കായി ബുദ്ധിമുട്ടുന്ന ഇടത്തരം ജീവനക്കാരുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. സ്കൂൾ ഫീസ്, യൂട്ടിലിറ്റി ബില്ലുകൾ, ദൈനംദിന വീട്ടുചെലവുകൾ തുടങ്ങിയ ആവർത്തിച്ചുള്ള ചെലവുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുമെന്ന് പറഞ്ഞുകൊണ്ട് സർക്കാർ ജീവനക്കാർ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

നേപ്പാൾ ധനമന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഫിനാൻഷ്യൽ കംപ്‌ട്രോളർ ജനറൽ ഓഫീസിന് നൽകിക്കഴിഞ്ഞു. ഇതിനായി സോഫ്റ്റ്‌വെയറുകളിലും ഭരണപരമായ സംവിധാനങ്ങളിലും മാറ്റം വരുത്തിത്തുടങ്ങി. നിലവിലെ സിവിൽ സർവിസ് നിയമത്തിൽ ശമ്പളം മാസത്തിൽ ഒരിക്കൽ നൽകണമെന്ന് വ്യവസ്ഥയുള്ളതിനാൽ, ഇതിൽ ഭേദഗതി വരുത്താനോ അല്ലെങ്കിൽ പ്രത്യേക ഓർഡിനൻസ് ഇറക്കാനോ ആണ് സർക്കാർ ആലോചിക്കുന്നത്.

Tags:    
News Summary - No more monthly salaries in Nepal; government decides to pay employees fortnightly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.