ബ്രിട്ടൻ: ലിവർപൂളിൽ ഒമ്പതുവയസുകാരിയെ സ്വന്തം വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒലിവിയ പ്രാത്ത് കോർബൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എതിരാളിയെ പിന്തുടർന്ന് മുഖംമൂടി ധരിച്ച തോക്കുധാരി നോട്ടി ആഷ് ഭാഗത്തെ ഒലിവിയയുടെ വീട്ടിലേക്ക് ഓടിക്കയറി വെടിയുതിർക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ചെറിൽ കോർബൽ വാതിലടക്കാൻ ശ്രമിച്ചെങ്കിലും തോക്കുധാരി വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. ഒലിവിയക്കും അമ്മക്കും വെടിയേറ്റു. സ്റ്റെയർ കേസിൽ അമ്മക്ക് അരികിലായാണ് ഒലിവിയ നിന്നിരുന്നത്.
തോക്കുധാരി പിന്തുടർന്നു വന്ന 35കാരൻ ഒലിവിയയുടെ വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയൊച്ചയെ കുറിച്ച് അന്വേഷിക്കാൻ ചെറിൽ വീടിന്റെ മുൻവാതിൽ തുറന്നപ്പോഴാണ് അയാൾ വീടിനുള്ളിലേക്ക് കയറിയത്.
ആക്രമി താൻ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് രണ്ട് തവണ കൂടി വെടിയുതിർത്ത ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കുറച്ചു സമയത്തിനു ശേഷം വെടിയേറ്റയാളുടെ കൂട്ടാളികൾ ഓഡി കാറിൽ വീട്ടിനുമുന്നിലെത്തി. പരിക്കേറ്റയാളെയും ആശുപത്രിയിലാക്കി. ഒലിവിയയെ പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ അഭയം തേടിയ വ്യക്തിയുമായോ തോക്കുധാരിയുമായോ ഒലിവിയയുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരാഴ്ചക്കിടെ ലിവർപൂളിൽ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പ് സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.