ട്രംപിനെ വിമർശിച്ചു; ന്യൂസിലാൻഡ് ഹൈകമീഷണർക്ക് പണി പോയി

വാഷിങ്ടൺ: ഡോണാൾഡ് ട്രംപിനെ വിമർശിച്ചതിന് പിന്നാലെ യു.കെയിലെ ന്യൂസിലാൻഡ് ഹൈകമീഷണർക്ക് പണി പോയി. ട്രംപിന് ചരിത്രത്തിൽ ഗ്രാഹ്യമില്ലെന്ന് വിമർശിച്ചതിന് പിന്നാലെയാണ് ​ന്യൂസിലാൻഡ് ഹൈകമീഷണർക്കെതിരെ നടപടിയുണ്ടായത്. ഗൗരവകരമായ പരമാർശമാണ് ഉണ്ടായതെന്ന് ആരോപിച്ചായിരുന്നു നടപടി.

ലണ്ടനിൽ ഇയാഴ്ച നടന്ന പരിപാടിക്കിടെയാണ് ഹൈകമീഷണർ ഫിൽ ഗോഫിന്റെ ഭാഗത്ത് നിന്ന് വിവാദപരാമർശമുണ്ടായത്. അഡോൾഫ് ഹിറ്റ്ലറുമായി മ്യൂണിക് ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം വിന്റ്സറ്റൺ ചർച്ചിൽ നടത്തിയ പ്രസംഗം പരാമർശിച്ച് ഇതുപോലുള്ള ചരിത്രബോധം ട്രംപിനു​ണ്ടായിരുന്നോയെന്നായിരുന്നു ഗോഫിന്റെ ചോദ്യം.

ഇതിന് പിന്നാലെ ന്യൂസിലാൻഡ് വിദേശകാര്യമന്ത്രി വിന്റ്സ്റ്റൺ പീറ്റർ പ്രതികരണവുമായി രംഗത്തെത്തി. ഗൗരവകരമായ സംഭവമാണ് ഉണ്ടായതെന്നും ഇതിന് അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈകമീഷണർ പദവിയിലിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും ന്യൂസിലാൻഡ് വിദേശകാര്യമന്ത്രി പറഞ്ഞു.

ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ന്യൂസിലാൻഡ് ശ്രമിക്കുന്നതിനിടെയാണ് ഹൈകമീഷണറുടെ പ്രസ്താവന പുറത്ത് വന്നത്. ഇയാഴ്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ട്രംപ് ഭരണകൂടത്തിൽ വിശ്വാസമർപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ദേശീയ താൽപര്യങ്ങൾക്കായാണ് ട്രംപ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുൻ ലേബർ പാർട്ടി നേതാവും ഓക്‍ലാൻഡ് മേയറുമായ ഗോഫ് 2022ലാണ് യു.കെ ഹൈകമീഷണറുടെ പദവിയിലെത്തിയത്. ജസീക്ക ആൻഡേണിന്റെ ഭരണകാലത്താണ് അദ്ദേഹം നിയമിതനാകുന്നത്. 2025ലാണ് അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകുന്നത്.

Tags:    
News Summary - New Zealand’s high commissioner to the UK loses job after Trump comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.