വെലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്, കോവിഡ് മഹാമാരി, വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനം തുടങ്ങിയ നിർണായക മുഹൂർത്തങ്ങളിൽ ന്യൂസിലൻഡിനെ മുന്നിൽനിന്ന് നയിച്ച പ്രധാനമന്ത്രി ജസീന്ത ആർഡേൻ പടിയിറങ്ങുന്നു. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഭരണാധികാരി, അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ വനിത തുടങ്ങിയ ബഹുമതികൾ സ്വന്തമാക്കിയ ജസീന്ത, അന്താരാഷ്ട്രതലത്തിൽ ദ്വീപരാഷ്ട്രത്തിന്റെ പ്രസക്തി വർധിപ്പിച്ച ശേഷമാണ് പടിയിറങ്ങുന്നത്. ഫെബ്രുവരി ഏഴിന് ന്യൂസിലൻഡ് പ്രധാനമന്ത്രിസ്ഥാനവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവെക്കുമെന്ന് ജസീന്ത വ്യക്തമാക്കി. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ ലേബർ പാർട്ടി ആരംഭിച്ചു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.
2023 ഒക്ടോബർ 14ന് ന്യൂസിലൻഡിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വ്യാഴാഴ്ച ജസീന്ത അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ഊർജം നഷ്ടപ്പെട്ടതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനിയും തുടർന്നാൽ രാജ്യത്തോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും അവർ വ്യക്തമാക്കി.
2020ൽ ലേബർ പാർട്ടിയെ ന്യൂസിലൻഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കു നയിച്ചതും ജസീന്തയായിരുന്നു. എന്നാൽ, സമീപകാലത്തായി അവരുടെ ജനപ്രീതി കുറഞ്ഞുവരുകയായിരുന്നു. 2017ൽ തെരഞ്ഞെടുക്കപ്പെട്ടശേഷം ഏറ്റവും കുറഞ്ഞ ജനപ്രീതിയായിരുന്നു അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ലഭിച്ചത്. കോവിഡ് മഹാമാരിയെ തടയാൻ സ്വീകരിച്ച കർക്കശ നടപടികളാണ് ജനപ്രീതി കുറക്കാൻ കാരണമെന്ന് ജസീന്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.