റനിൽ വിക്രമസിംഗെ, സജിത് പേമദാസ, ഡുള്ളാസ് അലഹപ്പെരുമ
കൊളംബോ: ശ്രീലങ്കയിൽ ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ മഹിന്ദ യപ അഭയവർദന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഗോടബയ രാജപക്സ വ്യാഴാഴ്ച രാത്രി രാജിക്കത്ത് സ്പീക്കർക്ക് അയച്ചിരുന്നു. രാജിക്കത്ത് സ്വീകരിച്ചതായും സ്പീക്കർ അറിയിച്ചു. ശ്രീലങ്കയിൽ 1978ൽ പ്രസിഡന്റ് ഭരണരീതി നടപ്പാക്കിയതോടെ രാജി വെക്കുന്ന ആദ്യ പ്രസിഡന്റാണ് ഗോടബയ.
സിംഗപ്പൂരിൽ നിന്നാണ് ഗോടബയ രാജിക്കത്ത് ഇ-മെയിൽ ചെയ്തത്. സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കാനായി പാർലമെന്റിൽ എല്ലാ പാർട്ടികളുടെയും യോഗം നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഗോടബയയുടെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രോഷാകുലരായ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളും ഓഫിസുകളും കൈയേറിയിരുന്നു. ഗത്യന്തരമില്ലാതെ ഗോടബയ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു.
മാലദ്വീപിൽ അഭയം ലഭിക്കാതായതോടെ സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. എന്നാൽ അഭയം നൽകാൻ ഒരുക്കമല്ലെന്ന് അറിയിച്ച സിംഗപ്പൂർ അധികൃതർ ഗോടബയക്ക് സ്വകാര്യ സന്ദർശനത്തിന് മാത്രമാണ് അനുമതിയെന്നും വ്യക്തമാക്കി. സ്വകാര്യ ജെറ്റിലാണ് ഗോടബയ എത്തിയതെന്നും അഭയം തേടിയിട്ടില്ലെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജനകീയ പ്രക്ഷോഭം ശക്തമായയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്?
പാർലമെന്റിലെ 225 അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. നിലവിലെ പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്റുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജ്ത പ്രേമദാസ, ഒരു കാലത്ത് മാധ്യമപ്രവർത്തകനും എം.പിയുമായ ഡുള്ളാസ് അലഹപ്പെരുമ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
റനിൽ വിക്രമസിംഗെഇതിൽ ഏറ്റവും കൂടുതൽ സാധ്യത റനിലിനാണ്. പ്രധാനമന്ത്രി, ധനമന്ത്രി എന്ന നിലയിലുള്ള പരിചയ സമ്പത്ത് വിക്രമസിംഗെക്ക് രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ തുണയാകുമെന്നാണ് വിലയിരുത്തൽ. ആറു തവണയാണ് റനിൽ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലിരുന്നത്. അതേസമയം, വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് പാർലമെന്റിൽ ഒരു സീറ്റ് മാത്രമേയുള്ളൂ. ഭരണസഖ്യത്തിലെ ശ്രീലങ്ക പൊതുജന പെരമുനയും മുൻ പ്രസിഡന്റിന്റെ സഹോദരൻ ബാസിൽ രാജപക്സയും റനിലിനെ പിന്തുണക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രക്ഷോഭകർക്ക് അനഭിമതനാണ് ഈ 73കാരൻ.
സജിത് പ്രേമദാസ(55)
മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവേഗായയുടെ നേതാവ് സജിത് പ്രേമദാസയാണ് സാധ്യതയുള്ള മറ്റൊരാൾ. പാർലമെന്റിൽ ഇദ്ദേഹത്തിന്റെ പാർട്ടിക്ക് 50 അംഗങ്ങൾ മാത്രമേയുള്ളൂ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ബിരുദധാരിയായ സജിത് പിതാവും പ്രസിഡന്റുമായ രണസിംഗെ പ്രേമദാസ 1993ൽ വധിക്കപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000 ത്തിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉപ ആരോഗ്യമന്ത്രിയായും സേവനമനുഷ്ടിച്ചു. 2018ൽ ഭവന നിർമാണ,സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്നു.
ഡുള്ളാസ് അലഹപ്പെരുമ
പ്രായോഗിക വാദിയെന്ന് അവകാശപ്പെടുന്ന എസ്.എൽ.പി.പിയിലെ ഡുള്ളാസ് അലഹപ്പെരുമ(63)യാണ് അടുത്ത സ്ഥാനാർഥി. 1994ലാണ് ഇദ്ദേഹം ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാസ് മീഡിയ മന്ത്രിയും മന്ത്രിസഭ വക്താവുമായിരുന്നു. ഏപ്രിലിൽ പ്രസിഡന്റ് മന്ത്രിസഭ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.