ഹുർമുസ് കടലിടുക്കിനരികെ കപ്പൽ

​തെഹ്റാൻ: ഭരണമാറ്റവും രാഷ്ട്രീയ അരക്ഷിതത്വവും നടപ്പാകുമെന്ന് സ്വപ്നം കണ്ട് യു.എസും ഇസ്രായേലും ഇറാൻ മണ്ണിൽ തുടങ്ങിയ യുദ്ധം എത്തിനിൽക്കുന്നത് കൂടുതൽ അപകടകരമായ ഊർജ മേഖലയിൽ. രണ്ടു ദിവസത്തിനകം എല്ലാ കപ്പലുകൾക്കും ഹുർമുസ് വഴി കടക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇറാനിലെ മുഴുവൻ വൈദ്യുതി നിലയങ്ങളും നാമാവശേഷമാക്കുമെന്ന് ട്രംപും അങ്ങനെ സംഭവിച്ചാൽ പശ്ചിമേഷ്യയെ മൊത്തം ഇരുട്ടിലാക്കുമെന്ന് ഇറാനും പ്രഖ്യാപനം നടത്തിയതോടെയാണ് ആശങ്ക ഉയർന്നത്. ഇറാനിലെ ആണവ നിലയങ്ങളിൽ ആക്രമണം നടത്തി ഇസ്രായേൽ യുദ്ധം അത്യന്തം അപകടകരമായ ഘട്ടത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിസസ് പറയുന്നു. ആക്രമണം കനത്തതോടെ ലോകത്തെ ഞെട്ടിച്ച് എണ്ണവില കുതിക്കുകയാണ്. ഞായറാഴ്ച മാത്രം 13 ശതമാനമാണ് വില ഉയർന്നത്. ഫെബ്രുവരി 28ലേതിനെ അപേക്ഷിച്ച് ഇരട്ടിയിലെത്തിനിൽക്കുന്നു നിലവിലെ വിപണി വില.

ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കേന്ദ്രമായ സൗത്ത് പാർസിൽ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 9700 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന, ഇറാനും ഖത്തറും സംയുക്തമായി കൈകാര്യം ചെയ്യുന്ന കേന്ദ്രം ആക്രമിച്ചതോടെ ഇറാൻ പശ്ചിമേഷ്യയിലുടനീളം ആക്രമണം നടത്തി. ഇതിന്റെ ക്ഷീണം വിപണിയെ കൂടുതൽ അപായകരമായി ബാധിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. മാർച്ച് ആദ്യത്തിൽ എൽ.എൻ.ജി ഉൽപാദനം ഖത്തർ നിർത്തിയതോടെ ആഗോള വിതരണത്തിൽ അഞ്ചിലൊന്നിന്റെ കുറവുണ്ട്. ഊർജമേഖലയിലെ ഓരോ ചെറുനീക്കവും ഞെട്ടലോടെയാണ് ലോകം മുഴുക്കെ നോക്കിക്കാണുന്നത്. നിലവിൽ ഇറാന്റെ എണ്ണക്കും റഷ്യൻ എണ്ണ വാങ്ങാനും ലോക രാജ്യങ്ങൾക്ക് ഇളവ് നൽകി ട്രംപ് പ്രതിസന്ധി കുറക്കാൻ നടത്തുന്ന ശ്രമങ്ങൾ പക്ഷേ, എവിടെ​യുമെത്താതെ പോകുകയാണ്. റഷ്യക്ക് ഇത് അവസരമായി മാറിയെന്നത് മാത്രമാണ് ഏക ഗുണം.

മൂന്നാഴ്ച പിന്നിട്ട യുദ്ധം നിർത്താൻ ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്നാണ് ഒടുവിലെ സൂചനകൾ. മുമ്പ് ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലുമെന്ന പോലെ ഇറാനിലും നാറ്റോയടക്കം സഹായിച്ച് കാര്യങ്ങൾ എളുപ്പത്തിൽ തീർത്തുമടങ്ങാനാകുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകൾ എട്ടുനിലയിൽ പരാജയമാണ്. എന്നല്ല, സ്വന്തം രാജ്യത്ത് പോലും എണ്ണ വില പിടിവിട്ട് കുതിക്കുന്നു. പ്രകൃതിവാതക ക്ഷാമം ലോകത്തെയൊന്നാകെ അലട്ടുന്ന ആധിയായും നിലനിൽക്കുന്നു.

മണ്ടൻ സൈനിക ഇടപെടലുകളിൽനിന്ന് യു.എസിനെ താൻ രക്ഷിക്കുമെന്ന് പറഞ്ഞ് അധികാരമേറിയ ട്രംപ് ഇസ്രായേലിനു വേണ്ടി രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതായി കഴിഞ്ഞ ദിവസം പറഞ്ഞത് മുൻ സി.ഐ.എ മേധാവിയാണ്. മേഖലയിൽ ഇറാൻ കൂടി ഇല്ലാതായി സമ്പൂർണ മേൽക്കൈ ഉറപ്പാക്കാനുള്ള നെതന്യാഹുവിന്റെയും തീവ്രവലതുപക്ഷത്തിന്റെയും മോഹങ്ങൾക്ക് കൊടിപിടിച്ചാണ് ട്രംപ് ഇറങ്ങിത്തിരിച്ചതെന്ന ആരോപണവും ശക്തം.

മുൻനിര നേതൃത്വത്തിലേറെയും ഇല്ലാതാകുകയും നാവിക സേനക്ക് വൻ ക്ഷതമേൽക്കുകയും ചെയ്തിട്ടും ഇറാൻ കൂടുതൽ കരുത്ത് കാട്ടുന്നതും ട്രംപിന് നൽകുന്ന തിരിച്ചടി ഇരട്ടിയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ യുദ്ധം അതിവേഗം നിർത്തി നല്ലപിള്ള ചമയാൻ ട്രംപിന് തന്റെ ഓഫീസിലെ തന്നെ പ്രമുഖർ ഉപദേശം നൽകിയിട്ടുണ്ടെങ്കിലും പുറത്തേക്കുള്ള വഴി മാത്രം അടഞ്ഞുകിടക്കുകയാണ്. 14 മാസത്തിനിടെ ലോകത്തുടനീളം സുഹൃത്തുക്കളിലേറെ ശത്രുക്കളെ സമ്പാദിച്ചും പ്രശ്നമവസാനിപ്പിച്ചതിലേറെ കടന്നുകയറ്റങ്ങൾ പലത് നടത്തിയും ലോകത്തിനു തന്നെ ഭീഷണി​യായി മാറുന്നുവെന്നതാണ് ട്രംപ് സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ. ഇസ്രായേൽ പല ആക്രമണങ്ങളും അറിയിക്കാതെ നടത്തുന്നുവെന്ന് ട്രംപിന്റെ പരസ്യമായ പരിഭവങ്ങൾ​ വേറെ. സൗത് പർസ് വാതകപ്പാടം ആക്രമണം തന്നെ അറിയിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപ് പിടിച്ചും ഇറാൻ തീരത്ത് സൈന്യത്തെ വിന്യസിച്ചും കരുത്ത് കാട്ടി യു.എസിനും ട്രംപിനും മുഖം രക്ഷിക്കാമെങ്കിലും നിലവിൽ അത് ഉടനെ എടുക്കാവുന്ന തീരുമാനമല്ല.

Tags:    
News Summary - Energy sector as a new front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.