ഹുർമുസ് കടക്കാൻ കപ്പലുകൾക്ക് രണ്ട് മില്യൺ ഡോളർ ചാർജ് ഈടാക്കുമെന്ന് ഇറാൻ

തെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ചില കപ്പലുകളിൽ നിന്ന് ഇറാൻ രണ്ട് മില്യൺ യു.എസ് ഡോളർ ചാർജ് ഈടാക്കുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീൻ ബോറോജെർഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. ഹുർമുസിൽ ഇറാന്‍റെ അധികാരം ഉറപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ, യുദ്ധത്തിന് ചെലവുകൾ ഉള്ളതിനാൽ സ്വാഭാവികമായും നമ്മൾ ഇത് ചെയ്യണം. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഗതാഗത ഫീസ് വാങ്ങണം'- അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ശക്തി തെളിയിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹുർമുസ് ദ്വീപിനു സമീപം യു.എസിന്‍റെ എഫ് -15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ വ്യോമ പ്രതിരോധ സേന അറിയിച്ചു. തെക്കൻ തീരത്തെ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ശത്രുവിന്‍റെ എഫ് -15 വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തെന്ന് ഇറാൻ വ്യോമ സേനയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് വിമാനം തകർത്തത്. വിമാനം തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു. എഫ്-15 യുദ്ധവിമാനത്തെ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ലോക്ക് ചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്. ഹുർമുസ് കടലിടുക്കിനു സമീപമുള്ള പ്രധാന സമുദ്ര ഇടനാഴികൾ ഉൾപ്പെടെ ഇറാന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള പതിവ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ അവകാശവാദത്തോട് യു.എസ് പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Iran charging ships $2 million for passage through Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.