ഡോണൾഡ് ട്രംപ്, ഷീ ജിൻപിങ്

‘ഇങ്ങനെ ആളുകൾ പേടിച്ച് കണ്ടിട്ടില്ല, യു.എസ് കാബിനറ്റും ഇങ്ങനെ ആയിരുന്നെങ്കിൽ..’ ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച ഓർത്തെടുത്ത് ട്രംപ്

ന്യൂയോർക്ക്: റിപ്പബ്ളിക്കൻ സെനറ്റർമാരുമായി വൈറ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിനിടെ ട്രംപ് ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്ച ഓർത്തെടുത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആളുകൾ ഇങ്ങനെ പേടിച്ച് കണ്ടിട്ടില്ല, യു.എസ് കാബിനറ്റും ഇങ്ങനെ ആയിരുന്നെങ്കിൽ,’ ട്രംപ് പറഞ്ഞു.

ഷീ ജിൻപിങ്ങിന്റെ ഇരുവശത്തുമായി ആറ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതായി ട്രംപ് പറഞ്ഞു. ‘അവരെല്ലാം നേരെ നിൽക്കുകയായിരുന്നുവെന്നായിരുന്നു’ അദ്ദേഹം വിവരിച്ചു. ‘ആ ആളുകളിൽ ഓരോരുത്തരും ഇങ്ങനെയാണ് നിൽക്കുന്നത്,’ കൈകൾ പുറകിലേക്ക് ഉയർത്തി കെട്ടി, താടി ഉയർത്തി ട്രംപ് അനുകരിച്ചു. ‘അവർ അറ്റൻഷനായി അനക്കമില്ലാതെ നിൽക്കുകയായിരുന്നു’- ട്രംപ് പറഞ്ഞു.

അവരിൽ ഒരാളോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, ഒരു പ്രതികരണവും ലഭിച്ചില്ല. ‘നിങ്ങൾ മറുപടി പറയുമോ എന്ന് ഞാൻ ചോദിച്ചു, എന്നിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. എന്റെ മന്ത്രിസഭ അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു’- ട്രംപ് കൂട്ടിച്ചേർത്തു. ‘എന്റെ ജീവിതത്തിൽ ഇത്രയും ഭയപ്പെടുന്ന പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല,’ ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുറിയിൽ സെനറ്റംഗങ്ങൾ ആർത്ത് ചിരിക്കുന്നത് കേൾക്കാമായിരുന്നു.

‘എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പെരുമാറാത്തത്? ജെ.ഡി അങ്ങനെ പെരുമാറില്ല. ജെ.ഡി സംഭാഷണങ്ങളിൽ മുഴുകുന്നു. കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും എനിക്ക് നിങ്ങളൊക്കെ പെരുമാറി കാണണം, ശരിയല്ലേ, ജെഡി?’ ട്രംപ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോട് പറഞ്ഞു, തുടർന്ന് വീണ്ടും ചിരി ഉയർന്നു.

അതേസമയം, ട്രംപിന്റെ കാബിനറ്റ് മീറ്റിങ്ങുകളും വാഴ്തുപാട്ടുകൾ കൊണ്ട് കൊണ്ട് സമൃദ്ധമാണെന്ന് വിമർശനമുണ്ട്. ഓഗസ്റ്റിൽ നടന്ന ഓൺലൈൻ കാബിനറ്റ് യോഗത്തിൽ ആരാണ് ട്രംപി​നെ കൂടുതൽ പുകഴ്തുക എന്ന് മത്സരിക്കുന്നത് പോലെയായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഇത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

ട്രംപിനെ ഉദ്യോഗസ്ഥർ പുകഴ്ത്താൻ മത്സരിക്കുന്നത് കണ്ടാൽ ദക്ഷിണ കൊറിയയുടെ കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്‍ലാഡിമിർ പുടിനും നാണിച്ചുപോവുമെന്ന് മുൻ പ്രസിഡന്റ് ​ജോ ബൈഡൻറെ മാധ്യമ സെക്രട്ടറിയായിരുന്ന ജെൻ സാകി പരിഹസിച്ചത് വാർത്തയായിരുന്നു.

ഒക്ടോബറിൽ 32-ാമത് അപെക് സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് ബുസാനിലെത്തിയ ട്രംപും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചക്ക് പിന്നാലെ, ഷി ജിൻപിങ്ങിനെ ‘വളരെ കർക്കശക്കാരനായ വ്യക്തിത്വം’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരുവർക്കുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക തർക്കങ്ങളിൽ ചർച്ച കേന്ദ്രീകരിക്കുമെന്ന് സൂചന നൽകിയിരുന്നു.

Tags:    
News Summary - Never Seen Men So Scared, Want US Cabinet Like That: Trump On Xis Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.