തെഹ്റാൻ: ഖാംനഈയുടെ മരണത്തിന് പിന്നാലെ തിരിച്ചടിക്ക് ഒരുങ്ങുന്നതായി ഇറാനിലെ റവല്യൂഷണറി ഗാർഡ്. ഇറാനിലെ ഫാർസ് ന്യൂസാണ് വല്യൂഷണറി ഗാർഡിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പോരാട്ടത്തിന് തങ്ങൾ തയാറെടുക്കുന്നുവെന്നാണ് വിപ്ലവസേന അറിയിച്ചിരിക്കുന്നത്. പോരാട്ടം ഉടൻ ആരംഭിക്കും. അധിനിവേശ പ്രദേശങ്ങൾ, അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും അവർ വ്യക്തമാക്കി.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈവിന്റെ മരണം ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐ.ആർ.ജിയുടെ പ്രതികരണം. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടർന്ന് താസ്നിം ഫാർസ് തുടങ്ങിയ വാർത്ത ഏജൻസികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.
അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഇൗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.