വാഷിങ്ടൺ: ഇറാൻ വൈകാതെ അമേരിക്കയിൽ എത്താൻ ശേഷിയുള്ള മിസൈൽ നിർമിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ പിന്തുണയില്ല. ഇറാനെതിരായ ആക്രമണത്തിന് പിന്തുണ ഉറപ്പിക്കാനാണ് ട്രംപ് ഇത്തരമൊരു വാദം ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇറാൻ ഉടൻതന്നെ അമേരിക്കയിൽ എത്തുന്ന മിസൈലുകൾ നിർമിക്കുമെന്ന് പറഞ്ഞത്. അമേരിക്കയിൽ എത്താൻ കഴിയുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള പാതയിലാണ് ഇറാനെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു. എന്നാൽ, ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഔദ്യോഗിക യു.എസ് ഇന്റലിജൻസ് വിലയിരുത്തലുകൾ ഇതിന് വിരുദ്ധമാണെന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വിഷയവുമായി ബന്ധമുള്ള മൂന്ന് ഉറവിടങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇറാൻ നിലവിലുള്ള ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിൽനിന്നുള്ള പിന്തുണയോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ 2035 വരെ എടുത്തേക്കുമെന്നാണ് 2025ലെ യു.എസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ. അതിൽനിന്ന് ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് വാർത്ത ഉറവിടം വ്യക്തമാക്കുന്നു. ചൈനയോ ഉത്തര കൊറിയയോ സാങ്കേതിക സഹായം നൽകിയാലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ എട്ടുവർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദീർഘദൂര മിസൈലുകൾ വികസിപ്പിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
‘‘ഞങ്ങൾ മനഃപൂർവം മിസൈലുകളുടെ പരിധി 2000 കിലോമീറ്ററിൽ താഴെയായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആഗോള ഭീഷണിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സ്വയം പ്രതിരോധത്തിന് മാത്രമാണ് ഞങ്ങളുടെ മിസൈലുകൾ’’ -ടെലിവിഷൻ അഭിമുഖത്തിൽ അറാഗ്ചി പറഞ്ഞു.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് ഭീഷണിയാകുമെന്നാണ് യു.എസും ഇസ്രായേലും ഉയർത്തുന്ന മറ്റൊരു വാദം. തങ്ങൾക്ക് ആണവായുധം നിർമിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. രാഷ്ട്രീയ, സൈനിക തന്ത്രം എന്നതിനേക്കാൾ മതപരമായ കാരണത്താൽ ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമോന്നത നേതാവ് അത്‍ വിലക്കിയതാണെന്നും ഇറാൻ നേതൃത്വം പറയുന്നു. ആണവായുധ വികസന പരിപാടി 2003ൽതന്നെ ഇറാൻ അവസാനിപ്പിച്ചതായി യു.എസ് ഇന്റലിജൻസും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സമീപ വർഷങ്ങളിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം തുടരുന്നതായും അത് ആയുധ നിലവാരത്തോട് അടുത്തിട്ടുണ്ടെന്നും ആണവോർജ ഏജൻസി ചൂണ്ടിക്കാട്ടുന്നു. യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഊർജാവശ്യത്തിനാണെന്നാണ് ഇറാൻ പറയുന്നത്.
ഇറാഖിൽ സദ്ദാം ഭരണകൂടം കൂട്ട നശീകരണ ആയുധം നിർമിക്കുന്നുവെന്ന് ആരോപിച്ചാണ് 2003ൽ അമേരിക്ക ആക്രമണം നടത്തിയത്. ഇത് കളവായിരുന്നുവെന്ന് യു.എസ് തന്നെ പിന്നീട് സമ്മതിച്ചു. ഇതേ മാതൃകയാണ് ഇപ്പോൾ ഇറാനെതിരെയും പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.